കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ബിഷപ്‌സ് ഹൗസിന് മുന്നില്‍ റാലി. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയത്.

വിവിധ ക്രൈസ്തവ സംഘടനകള്‍, പി.സി ജോര്‍ജ്, ബിജെപി പ്രവര്‍ത്തകര്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയറിയിച്ച് എത്തി. ബിജെപി നേതാക്കളായ എന്‍ ഹരി, നോബിള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. പി.സി ജോര്‍ജാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഇന്ന് തന്നെ കത്തോലിക്ക സഭയുടെ ജാഥയും നടക്കും.

നേരത്തെ പാലാ രൂപത സഹായമെത്രാനും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ദീപിക ദിനപത്രത്തിലും ബിഷപ്പിനെ പിന്തുണച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം തന്നെയാണ് കത്തോലിക്ക സഭയും നല്‍കുന്നത്. 

കഴിഞ്ഞ ദിവസം ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഒരു പ്രത്യേക സമൂഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ഒപ്പം കേരളത്തില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമാണ് ഇത് സഹായകമാവുകയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. 

ചേരിതിരിവുണ്ടാകുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തരുതെന്നും നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ നടത്തിയ പ്രതികരണം. 

കേരളത്തില്‍ ലൗ ജിഹാദിന് ഒപ്പം നാര്‍ക്കോട്ടിക് ജിഹാദും നടപ്പിലാക്കുവാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ കത്തോലിക്ക വിശ്വാസികള്‍ കരുതിയിരിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.

Content Highlights: Rally towards Pala Bishop house announcing solidarity to Bishop in Narcotic Jihad remark