തിരുവനന്തപുരം/കോട്ടയം: കോണ്‍ഗ്രസിനോട് വിലപേശി നേടിയ രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി മത്സരിക്കും. പാലായില്‍ കെ.എം. മാണിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
നിലവില്‍ കോട്ടയത്തുനിന്നുള്ള ലോക്സഭാംഗമാണ് ജോസ് കെ. മാണി. കെ.എം. മാണിയോ ജോസ് കെ. മാണിയോ അല്ലാതെ ഒരു സ്ഥാനാര്‍ഥിയെയും അംഗീകരിക്കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു, പി.ജെ. ജോസഫ് വിഭാഗം. സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്ന മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടന്, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുടെ സാധ്യത ഇതോടെ ഇല്ലാതായി. രാത്രി പത്തരയോടെ ജോസഫ് തന്നെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
പ്രക്ഷുബ്ധമായി യു.ഡി.എഫ്. നേതൃയോഗം
യു.ഡി.എഫിന് ഇത്തവണ ഉറപ്പുള്ള ഏക രാജ്യസഭാ സീറ്റാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തത്. ഇതിനെതിരേ കോണ്‍ഗ്രസില്‍ പോര് മുറുകുന്നതിനിടെയാണ് ഒന്നര വര്‍ഷത്തിനുശേഷം മാണിയുടെയും കൂട്ടരുടെയും യു.ഡി.എഫിലേക്കുള്ള മടക്കം. വെള്ളിയാഴ്ച രാവിലെ വി.എം. സുധീരന്റെ ഇറങ്ങിപ്പോക്കിനെത്തുടര്ന്ന് പ്രക്ഷുബ്ധമായ യു.ഡി.എഫ്. നേതൃയോഗത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് വീണ്ടും ഔദ്യോഗികമായി യു.ഡി.എഫിന്റെ ഭാഗമായി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലായിരുന്നു യു.ഡി.എഫ്. യോഗം. നേതൃയോഗമായതിനാല് സുധീരനെ ആദ്യം ക്ഷണിച്ചിരുന്നില്ല. അത് പരാതിക്കിടയാക്കിയതോടെയാണ് അദ്ദേഹത്തെക്കൂടി ക്ഷണിച്ചത്. സീറ്റ് വിട്ടുകൊടുത്തതിനെ, ഡല്‍ഹി ചര്‍ച്ചയില്‍ പങ്കെടുത്ത എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ന്യായീകരിച്ചു. ഈ ധാരണ ഉള്‍ക്കൊള്ളാനാകാതെയാണ് സുധീരന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. കെ.എം. മാണി വരുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇറങ്ങിപ്പോക്ക്. സുധീരനും കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസനും തമ്മില്‍ യോഗത്തില്‍ മുഷിഞ്ഞ് സംസാരിക്കുകയും ചെയ്തു. മറ്റ് ഘടകകക്ഷികളെല്ലാം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ അനുകൂലിച്ചു.
കൊമ്പുകോര്‍ത്ത് സുധീരനും ഹസനും
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതറിഞ്ഞ് കഴിഞ്ഞദിവസം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുധീരന് പറഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി എങ്ങനെ മുന്നണി ശക്തമാക്കും. ഈ തീരുമാനം സാമൂഹികഘടനയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. സുധീരന് തന്റെ വാദങ്ങള്‍ നിരത്തുന്നതിനിടെ ഹസന് ഇടപെട്ടു. കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ നമ്മുടെ പാര്‍ട്ടിവേദിയിലാണ് പറയേണ്ടതെന്നും മുന്നണി നേതൃയോഗത്തില്‍ പാര്‍ട്ടിയുടേതായി രണ്ടുശബ്ദം വരുന്നത് ശരിയല്ലെന്നും ഹസന് പറഞ്ഞു.
സുധീരന് സംസാരം തുടര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേര്‍ദിശയില്‍ ചിന്തിക്കുന്നയാളാണെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാന നേതൃത്വം ഈ തീരുമാനത്തിന് അംഗീകാരം നേടിയെടുത്തതെന്നും സുധീരന് പറഞ്ഞു. ഇത് ഹസനെ പ്രകോപിപ്പിച്ചു. അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റിയ വ്യക്തിത്വമല്ല രാഹുലെന്ന് ഹസന് പറഞ്ഞു.
നോന്പായതിനാലും ഈ തീരുമാനം എടുക്കേണ്ടി വന്നതിനാലും തനിക്കും കഴിഞ്ഞദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഹസന് തിരിച്ചടിച്ചു. മാണിയെ യോഗത്തിലേക്ക് ക്ഷണിക്കുന്ന ഘട്ടമായി. എം. എല്‍.എ. ഹോസ്റ്റലില്‍നിന്ന് അവര്‍ വരുമ്പോഴേക്കും സുധീരന് താന്‍ യോഗത്തില്‍നിന്ന് പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചു. യോഗത്തിനുവന്ന സ്ഥിതിക്ക് ഇറങ്ങിപ്പോകുന്നത് മര്യാദയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനത്തിന് മാറ്റമില്ലാത്തതിനാല്‍ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ മുറിയിലേക്ക് പോയി. മാണി അകത്തേക്കുപോയപ്പോള്‍ സുധീരന് പുറത്തേക്കിറങ്ങി മാധ്യമങ്ങളെ കണ്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..