കൊച്ചി: സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിയമോപദേശം ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാര്‍മികതയെന്ന് നിയമമന്ത്രാലയം നിര്‍ദേശിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

നിലവിലെ അംഗങ്ങളുടെ കാലാവധി തീരും മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കേട്ട കോടതി ഇതില്‍ അന്തിമ തീര്‍പ്പ് പറയും. 

നേരത്തെ മൂന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്തുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തീരുമാനം മരവിപ്പിച്ചിരുന്നു. നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം മരവിപ്പിച്ചത്. തുടര്‍ന്ന് നിലവിലെ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. 

വിജ്ഞാപനം വന്ന് 19 ദിവസങ്ങള്‍ക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളു. ഏപ്രില്‍ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കില്‍ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയു. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാല്‍ നിലവിലെ നിയമസഭാ അംഗങ്ങള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമസഭയ്ക്കാണ് യഥാര്‍ഥ ജനഹിതമെന്നാണ് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് നിയമോപദേശം നല്‍കിയിരിക്കുന്നത്. 

വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.