കൊച്ചി: കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് നിലപാട് പിന്‍വലിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏത് തീയതിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. കേസ് ഏഴാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. 

നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയുമാണ് ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്. മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്ന 21ന് മുന്‍പ് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂലമുള്ള വിശദീകരണം തേടി.