തിരുവനന്തപുരം: പ്രശസ്തമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് രാജു നാരായണസ്വാമി ഐ.എ.എസ്. അര്‍ഹനായി. ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്. 

കൃതിമബുദ്ധിയും ബ്ലോക്ക് ചെയിനും ഉള്‍പ്പടെയുള്ള ശാസ്ത്ര സാങ്കേതിക മാര്‍ഗങ്ങള്‍  ഉപയോഗിച്ച് ബൗദ്ധിക സ്വത്ത് അവകാശ ഓഫീസുകള്‍ എങ്ങനെ അഴിമതി മുക്തമാക്കാം എന്നതിനെ സംബന്ധിച്ച ഗവേഷണത്തിനാണ് സ്വാമിക്ക് ഫെല്ലോഷിപ്പ് ലഭിച്ചത്. 

ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍നിന്ന് ഈ വിഷയത്തില്‍ ഒന്നാം റാങ്കോടെ പി.ജി. ഡിപ്ലോമയും എന്‍.എല്‍.യു. ഡല്‍ഹിയില്‍നിന്ന് ഗോള്‍ഡ് മെഡലോടെ എല്‍.എല്‍.എമ്മും സ്വാമി നേടിയിട്ടുണ്ട്. 

1991 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ സ്വാമി, നിലവില്‍ പാര്‍ലന്റെറികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി. കാണ്‍പുര്‍ അദ്ദേഹത്തിന് 2018-ല്‍ സത്യേന്ദ്ര ദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. 16 സംസ്ഥാനങ്ങളില്‍ നടന്ന 32 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ലെ സിംബാബ്‌വേ തിരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.  

സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും 2003-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. 200-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

content highlights:raju narayanaswami gets leonardo davinci fellowship