കോഴിക്കോട്:  മാസങ്ങള്‍ക്കുമുമ്പ് ചെറിയ ഹൃദ്രോഗം ശ്രദ്ധയില്‍പെട്ടതോടെയാണ് ചെങ്ങോട്ട് കാവിലെ രാജനോട് ഡോക്ടര്‍ ദിവസവും അല്‍പ്പം  നടക്കാന്‍ പറഞ്ഞത്. അങ്ങനെ കഴിഞ്ഞ ജനുവരി മുതല്‍ രണ്ട് വാര്‍ഡിലെ വഴികളിലൂടെ പുലര്‍ച്ചെ നടക്കാന്‍ തുടങ്ങിയതാണ് ഇദ്ദേഹം. പക്ഷെ കാലില്‍ തട്ടിയ പ്ലാസ്റ്റിക് കുപ്പികള്‍ ആ മനുഷ്യനെ അലോസരപ്പെടുത്തി. പിന്നെ സ്വയം പെറുക്കി കൂട്ടാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ട് മാസം കൊണ്ട് ഈ മനുഷ്യസ്‌നേഹി ചെങ്ങോട്ട് കാവ് ഗള്‍ഫ്  റോഡിനടുത്ത വീട്ടുപറമ്പില്‍ അടുക്കി കൂട്ടിയത് പതിനായിരത്തോളം പ്ലാസ്റ്റിക്ക് കുപ്പികളാണ്.

നമ്മള്‍ ഓരോരുത്തരും സ്വയം തലതാഴ്ത്തി മാറിപ്പോവണം ഇദ്ദേഹം തന്റെ വീട്ട് പറമ്പില്‍ ഒരുക്കിയ പ്ലാസ്റ്റിക്  കുപ്പികളുടെ കുഞ്ഞുമലകള്‍ കാണുമ്പോള്‍. എല്ലാം നല്ല നിറമുള്ള ചിത്രങ്ങളുള്ളവ, കാഴ്ചയില്‍ സുന്ദരന്‍. നമ്മുടെ കുട്ടികള്‍ ആസ്വദിച്ച്‌ കുടിച്ച് വലിച്ചെറിഞ്ഞ അവരെ രോഗികളാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായിട്ടുണ്ട് ഒരു കുഞ്ഞുമലയോളം. പക്ഷെ  വലിച്ചെറിയുമ്പോള്‍ ആരും ഓര്‍ക്കുന്നില്ല ഇത് എന്നെ പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള ചുറ്റുപാടുകളാണെന്ന്. പക്ഷെ ആ ബോധമുള്ള രാജന്‍ ഓരോ കുപ്പികളും വാരിക്കൂട്ടുകയായിരുന്നു.ആരോടും പരിഭവമില്ലാതെ കളിയാക്കലുകളെ കണക്കിലെടുക്കാതെ.

Rajan 2

മനുഷ്യന്‍ കുപ്പികള്‍ വലിച്ചെറിയുന്നതല്ല ഒപ്പം കുപ്പി പെറുക്കുന്നവനെന്ന് പലരും തന്നെ നോക്കി കളിയാക്കി ചിരിച്ചുവെന്ന് പറയുന്നു ഇദ്ദേഹം. പക്ഷെ  പിന്‍മാറിയില്ല. മനുഷ്യന്‍ ചെയ്യുന്ന തെറ്റിനെ തുറന്ന് കാട്ടാനുള്ള വഴിയായിട്ടായിരുന്നു ഈ പെറുക്കി കൂട്ടല്‍. കുപ്പികള്‍ വിറ്റ് താന്‍ മണിമാളിക  പണിയില്ലെന്ന് പറയുന്നു രാജന്‍. പകരം ഇത് വിറ്റ് സ്വന്തം നാട്ടില്‍ രണ്ട് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നു ഇദ്ദേഹം. ആവശ്യമെങ്കില്‍ ഇതിനൊപ്പം പറ്റാവുന്ന പണം താനും കൂട്ടിയിടാം. പകരം ഇനിയെങ്കിലും കുപ്പികള്‍ വഴിയിലേക്ക്  വലിച്ചെറിയുന്നതില്‍ നിന്ന് പിന്മാറണം.Rajan

 സഞ്ചിയുമെടുത്ത് കുപ്പി പെറുക്കുന്നത് കാണുമ്പോള്‍ ബന്ധുക്കള്‍ പോലും ആക്ഷേപിച്ചുവെന്ന്  പറയുന്നു രാജന്‍. പക്ഷെ മക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള പിന്തുണയാണ് ഈ മനുഷ്യന്റെ ശക്തി. കോളേജില്‍ എന്‍.എസ്.എസ് വളണ്ടിയര്‍കൂടിയായ മൂത്ത മകനും കുപ്പികള്‍ വേര്‍തിരിക്കാന്‍ അച്ഛനൊപ്പം കൂടും. രണ്ട് വാര്‍ഡുകളില്‍ നിന്ന് മാത്രം ശേഖരിച്ച കുപ്പികളാണിത് അങ്ങനെ നോക്കുമ്പോള്‍ മറ്റ് വാര്‍ഡുകളില്‍ നിന്ന് കൂടി ഇങ്ങനെ ശേഖരിച്ചാല്‍ ഒരു പഞ്ചായത്തിനെ തന്നെ മൂടാനുള്ള പ്ലാസ്റ്റിക്  മാലിന്യങ്ങളുണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്നു ഇദ്ദേഹം. ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുന്ന ഇത്തരം  പ്ലാസ്റ്റിക്കുകളെ  നിയന്ത്രിക്കാനോ നടപടിയെടുക്കാനോ ആരും മുന്നോട്ട് വരാത്തതിലും രാജന് സങ്കടമുണ്ട്.