കോഴിക്കോട്:  സംസ്ഥാനത്തെ വിവിധജില്ലകളില്‍ പരക്കെ മഴ. ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലും പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധഭാഗങ്ങളിലും മഴ ശക്തമായി പെയ്യുന്നുണ്ട്.

ചൊവ്വാഴ്ച രാത്രിയോടെയാണ് മലപ്പുറത്ത് ശക്തമായ മഴ പെയ്യാന്‍ ആരംഭിച്ചത്. ബുധനാഴ്ച രാവിലെയും ശക്തമായ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. മലയോരമേഖലകളില്‍ മഴയ്ക്ക് നേരിയതോതില്‍ ശമനമുണ്ടെങ്കിലും തീരപ്രദേശങ്ങളില്‍ മഴ ശക്തമായി പെയ്യുകയാണ്. ചെറിയ മഴ പോലും കവളപ്പാറയിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. ഇതുവരെ 35,000ല്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പല റോഡുകളും തകര്‍ന്ന നിലയിലാണ്. പാലങ്ങള്‍ പലതും ഒലിച്ചുപോയിട്ടുമുണ്ട്. 

കോഴിക്കോട് ജില്ലയില്‍ മഴ പെയ്യുന്നുണ്ടെങ്കിലും അത്രയ്ക്ക് ശക്തിപ്രാപിച്ചിട്ടില്ല. മുക്കാടന്‍മലയില്‍ സോയില്‍ പൈപ്പിങ് കണ്ടെത്തിയ സ്ഥലത്തുനിന്ന് കുടുംബങ്ങളെ ചൊവ്വാഴ്ച തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 

കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞു. പാല- ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. കിഴക്കന്‍ മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്. മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ വെള്ളം കയറി. പത്ത് ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതമാര്‍ഗമാണ് മണികണ്ഠന്‍ചാല്‍ ചപ്പാത്ത്. ഇവിടെ വെള്ളം കയറിയതോടെ ആദിവാസിഊരുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ബ്ലാവനയില്‍നിന്നുള്ള ജങ്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എറണാകുളം ഭൂതത്താന്‍കെട്ട് ഡാമിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. 

ആലപ്പുഴയില്‍ ഇടവിട്ട കനത്തമഴ തുടരുകയാണ്. അതേസമയം ഉയര്‍ന്ന മേഖലകളായ തലവടി, എടത്വ, നീലംപേരൂര്‍ തുടങ്ങിയിടങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളിലെ തകര്‍ന്ന ബണ്ടുകള്‍ പുനര്‍നിര്‍മിക്കാനുള്ള ജോലി ഇന്ന് ആരംഭിക്കും.നദികളിലും ജലസ്രോതസുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്തമഴയെ തുടര്‍ന്ന് പമ്പാനദിയില്‍ പത്തടിയോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. റാന്നിയുടെ പലഭാഗത്തും വെള്ളം കയറിയിട്ടുണ്ട്.അച്ചന്‍ കോവിലാറ്റിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. 

പാലക്കാട് ജില്ലയിലും മഴ ശക്തമായി പെയ്യുകയാണ്. ചൊവ്വാഴ്ച രാത്രിയോടെ ശക്തമായ മഴ പെയ്യാന്‍ ആരംഭിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയും മഴ പെയ്യുന്നുണ്ട്.

content highlights: rain in various parts of kerala