LOW PRESSURE AREA
Photo courtesy: www.imd.gov.in

തിരുവനന്തപുരം: തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ശക്തമായ ന്യൂനമര്‍ദം ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

ന്യൂനമര്‍ദത്തിന്റെ നിലവിലെ സ്ഥിതി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. അടുത്ത 48 മണിക്കൂറില്‍ കേരളാ തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു.

റവന്യൂ വകുപ്പ് , ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.

low pressure
ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന്  കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയതിനാല്‍ ഇന്നലെ വലിയതുറ തീരത്ത് ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന മത്സ്യത്തൊഴിലാളികള്‍. ഫോട്ടോ: എസ് ശ്രീകേഷ് 

ശ്രീലങ്കയ്ക്കു പടിഞ്ഞാറും മാലദ്വീപിന് കിഴക്കും തെക്കന്‍ കേരളത്തിനു പടിഞ്ഞാറ് ലക്ഷദ്വീപുവരെയുമുള്ള കടലില്‍ 14 വരെ ആരും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.

Content highlights: low pressure formed above arabian sea