കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന പമ്പ-ത്രിവേണി | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍നിന്ന് ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2396.96 അടിയാണ് നിലവില്‍ അണക്കെട്ടിലുള്ള ജലനിരപ്പ്.
അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. അണക്കെട്ടിലേക്ക് ജലംവരുന്നതിനനുസൃതമായി വൈദ്യുതി ഉത്പാദനം നടക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഇടുക്കിയില്‍ മഴ ശമിച്ചെങ്കിലും അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു വരുന്നുണ്ട്. കല്ലാര്‍ ഡാം തുറന്നുവിട്ടിണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പമ്പ ഡാമിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. ഡാമില്‍ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. കൃത്യമായി അവലോകന നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇതിനിടെ, ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേരുന്നുണ്ട്. മഴക്കെടുതി സംബന്ധിച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച മുതല്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..