റെയില്‍വേ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍


വയറുകള്‍ മുറിച്ചുമാറ്റിയത് മേലുദ്യോഗസ്ഥനോടുള്ള വിരോധം തീര്‍ക്കാന്‍, വൈകിയത് 13 തീവണ്ടികള്‍

പ്രതാകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി

കോഴിക്കോട്: റെയില്‍വേ മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ റെയില്‍വേ സിഗ്‌നല്‍ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാര്‍ അറസ്റ്റില്‍. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി ആറാട്ട്പൊയില്‍ പ്രവീണ്‍രാജ്(34), സുല്‍ത്താന്‍ബത്തേരി നെന്‍മേനി കോട്ടൂര്‍ ജിനേഷ്(33) എന്നിവരാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്.

ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേട്രാക്കില്‍ അഞ്ചിടത്തായി സിഗ്‌നല്‍ബോക്‌സിലെ വയറുകളാണ് മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രി 11.30-നാണ് സംഭവം.

ഇരുവരോടും 23-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിധിയിലെത്തി ജോലിചെയ്യാന്‍ കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍(എസ്.എസ്.ഇ.) ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്ട് ആളില്ലാത്തതിനാലാണ് ഇരുവരെയും വിളിപ്പിച്ചത്. ഇതിലുള്ള വിരോധം തീര്‍ക്കാനാണ് സിഗ്‌നല്‍ മുറിച്ചതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. സിഗ്‌നല്‍ കമ്പികള്‍ മുറിച്ചുമാറ്റി പച്ച സിഗ്‌നലിന് പകരം മഞ്ഞ സിഗ്‌നലാക്കി വെക്കുകയായിരുന്നു. എസ്.എസ്.ഇ. പരുഷമായി പെരുമാറിയതിലുള്ള വിരോധം തീര്‍ക്കാനാണിതെന്നും ഇരുവരും അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.

ബുധനാഴ്ച രാത്രി കല്ലായിയില്‍ അഞ്ച് സിഗ്‌നല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ചിടങ്ങളില്‍ സിഗ്‌നല്‍ കമ്പികള്‍ മുറിച്ചുമാറ്റിയതായി കണ്ടെത്തി. സിഗ്‌നല്‍ തകരാറിലായതോടെ, കോഴിക്കോട്, ഫറോക്ക്, വെള്ളയില്‍ റെയില്‍വേസ്റ്റേഷന്‍ പരിധികളിലായി വ്യത്യസ്ത സമയങ്ങളിലായെത്തിയ ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ 13 വണ്ടികള്‍ വൈകി. രണ്ട് മണിക്കൂര്‍ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്‌നല്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കിയത്.

പിന്നീട്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടത്തിയ പരിശോധനയില്‍ വിദഗ്ധപരിശീലനം നേടിയവര്‍ക്ക് മാത്രമേ സിഗ്‌നല്‍ കമ്പികള്‍ ഇത്തരത്തില്‍ മുറിച്ചുമാറ്റാന്‍ കഴിയൂവെന്ന് വ്യക്തമായി. രാത്രി സ്‌കൂട്ടറില്‍ രണ്ടുപേര്‍ എത്തിയതായി വീടിന് മുകളില്‍ ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മൊഴി നല്‍കിയതാണ് കേസിലെ നിര്‍ണായക വഴിത്തിരിവ്. ഇതോടെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.

റെയില്‍വേ ജീവനക്കാര്‍ക്കോ വയറിങ് ജോലി ചെയ്ത കരാര്‍ ജീവനക്കാര്‍ക്കോ മാത്രമേ വയറുകള്‍ ഈ രീതിയില്‍ മുറിച്ചുമാറ്റാന്‍ സാധിക്കൂവെന്ന് അന്വേഷണസംഘം പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. സിഗ്‌നല്‍ ആന്‍ഡ് ടെലിക്കമ്യൂണിക്കേഷന്‍ ജീവനക്കാര്‍ തന്നെയാണ് ഇവ മുറിച്ചുമാറ്റിയതെന്ന് പിന്നീട് വ്യക്തമായി. ഇതോടെയാണ് ഇരുവരും പിടിയിലായത്.

സാധാരണഗതിയില്‍ ഇത്തരത്തില്‍ വയറുകള്‍ മുറിച്ചാല്‍ സിഗ്‌നല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന സിഗ്‌നലാണ് കാണുക. എന്നാല്‍, മനഃപൂര്‍വം മുറിച്ച് മാറ്റി നിലവിലെ സിഗ്‌നല്‍ തെറ്റായി ക്രമീകരിച്ച് വെച്ചതിനാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ഇത് മനസ്സിലാകില്ല. പച്ച സിഗ്‌നല്‍ കൊടുത്താലും സിഗ്‌നല്‍ മഞ്ഞയില്‍ത്തന്നെ തുടരും. മഞ്ഞ സിഗ്‌നല്‍ വരുന്നതോടെ തീവണ്ടികള്‍ നിര്‍ത്തിയിടുകയും ചെയ്യും.

കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) ശനിയാഴ്ച ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അഞ്ചുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇരുവരും ചെയ്തതെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയില്‍വേ ആക്ട് 174, 153 വകുപ്പുകളിലായിട്ടാണ് കേസ്. യാത്രക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനും തീവണ്ടികള്‍ വൈകിയതിനും മനഃപൂര്‍വം സിഗ്‌നല്‍ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ മനോജ് യാദവ്, എസ്.ഐ.കെ.എം. സുനില്‍കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ എം. ദിലീപ്കുമാര്‍, കോണ്‍സ്റ്റബിള്‍ എസ്. സജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

content highlights : railway signal wire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented