ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്നു. റെയില്‍വേ ഭവന് മുന്നില്‍ നടക്കുന്ന ധര്‍ണയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നേതൃത്വം നല്‍കി.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരായി ശക്തമായ സമരം ഉയര്‍ന്നുവരുമെന്ന് എ.കെ ആന്റണി പറഞ്ഞു. ഇതിനായി ഇടതുപക്ഷവുമായി സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്നും എകെ ആന്റണി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിലാപാട് തിരുത്തണം. കോച്ച് ഫാക്ടറി പദ്ധതി പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കഞ്ചിക്കോട് റെയില്‍വേ പദ്ധതി അനുവദിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി സ്ഥലം ഏറ്റെടുക്കുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പദ്ധതി പിന്‍വലിക്കാനൊരുങ്ങുന്നത് കേരളത്തോട് കാട്ടുന്ന അനീതിയാണ്. കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാന ലംഘനം തുടര്‍ന്നാര്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ആന്റണി പറഞ്ഞു.

കഞ്ചിക്കോട് ഫാക്ടറിക്കൊപ്പം പ്രഖ്യാപിക്കപ്പെട്ട റായ്ബറേലി കോച്ച് ഫാക്ടറിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് യുപിഎ സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലി കോച്ച് ഫാക്ടറിക്ക് കൂടുതല്‍ പ്രധാന്യം ലഭിച്ചതെന്നുമുള്ള റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആന്റണി പറഞ്ഞു. അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അതിന് തെളിവ് ഹാജരാക്കുന്നതിന് അദ്ദേഹം പിയൂഷ് ഗോയലിനെ വെല്ലുവിളിക്കുകയും ചെയ്തു.

കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതുപക്ഷം ഒറ്റയ്ക്ക് ധര്‍ണ നടത്തിയത് ശരിയായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് കെട്ടിടത്തില്‍നിന്ന് മാര്‍ച്ച് ചെയ്തുവന്ന് റെയില്‍വേ ഭഗവന്റെ പ്രധാന ഗേറ്റിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയാണ് ധര്‍ണ ആരംഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, ഇ.ടി മുഹമ്മദ്ബഷീര്‍, കെ.വി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: rail coach factory in Palakkad, Kerala MPs protest, Rail Bhavan in Delhi