കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തിയത്. 

കേന്ദ്രസര്‍ക്കാരിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. വരുന്ന ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ വനിതാസംവരണ ബില്‍ പാസാക്കുമെന്നും 
രാജ്യത്തെ ഓരോ പൗരനും മിനിമം വേതനം  ഉറപ്പാക്കുമെന്നും അദ്ദഹം പറഞ്ഞു. കൂടുതല്‍ സ്ത്രീകളേയും യുവാക്കളേയും നേതൃനിരയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നും സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മോദി ഇന്ത്യയെ വിഭജിച്ചതായും രാഹുല്‍ കുറ്റപ്പെടുത്തി. സമ്പന്നരുടെ സര്‍ക്കാരാണ് മോദിയുടേത്. മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കിയില്ലെന്നും ജനങ്ങളോട് മോദി തുടര്‍ച്ചയായി കള്ളം പറയുന്നൂവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

സംസ്ഥാന സര്‍ക്കാരിന് നേര്‍ക്കും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും  ബി ജെ പി യും ചേര്‍ന്ന് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്, അല്ലാതെ പാര്‍ട്ടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരിട്ട പരിപാടിയില്‍ പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ  കണ്ട ശേഷമാണ് രാഹുല്‍ മറൈന്‍ഡ്രവിലെ യോഗസ്ഥലത്തേക്ക് എത്തിയത്.

യോഗത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം യുഡിഎഫ് നേതാക്കളേയും രാഹുല്‍ കാണും.

Content Highlights: RahulGandhi At Kochi