എ.എൻ ഷംസീർ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ | ഫോട്ടോ: മാതൃഭൂമി,facebook.com/rahulbrmamkootathil
തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നാടിനും ശുദ്ധവായുവിനും വേണ്ടി നിയമസഭയില്‍ ശബ്ദമുയര്‍ത്തിയതിനാണോ ഭീഷണിയെന്നും നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും പ്രചരണത്തിനു വന്നിട്ടു പോലും ഷാഫിയെ തോല്‍പ്പിക്കാനായില്ലെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഷംസീര്‍ സ്പീക്കറുടെ കസേരയുടെ അന്തസ്സ് കളഞ്ഞുകുളിക്കുകയാണ് എന്നായിരുന്ന റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.
'ഷാഫി പറമ്പില്‍ അടുത്ത തവണ തോല്ക്കും' സ്പീക്കര്‍ AN ഷംസീര്‍. നാടിന് വേണ്ടി , ശുദ്ധ വായുവിന് വേണ്ടി നിയമസഭയില്‍ ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് ഈ ഭീഷണി... ഷാഫി പറമ്പില്‍ തോല്ക്കും, അല്ലെങ്കില്‍ തോല്പ്പിക്കും എന്ന് CPM പറയുമ്പോള്‍ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ BJP യെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലായെന്ന് മാത്രം. അവിടെ BJP യെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്പ്പിക്കുവാന്‍ ഇത്തവണയും നിങ്ങള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോദിയും , അമിത് ഷായും , പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീര്‍.... വിജയന്‍ പറയും പോലെയല്ല ' ഇത് ജനുസ്സ് വേറെയാണ്.... ' രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഷാഫി പറമ്പിലിനെ ഷംസീര്‍ ഞൊട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഇ ശ്രീധരനെ ജയിപ്പിക്കാന്‍ CPM ഉം BJP യും നടത്തിയ ഒത്തുകളിയെ പരാജയപ്പെടുത്തിയാണ്. സഭയില്‍ എത്തിയത്. ഇനിയും ആ കൂട്ടുകെട്ടിന്റെ ഓര്‍മ്മയില്‍ ആവാം സ്പീക്കറുടെ കസേരയുടെ അന്തസ്സ് കളഞ്ഞ് കുളിച്ച് ഷംസീര്‍ വിടുവായത്തം പറഞ്ഞത്. ഷംസീര്‍ എന്നും ആ പഴയ ഷംസീര്‍ തന്നെയാ'. എന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്.
അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണമെന്നായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ മറുപടി. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളയാളാണ് സ്പീക്കറെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്‌മപുരം വിഷയത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടയിലായിരുന്നു സ്പീക്കറുടെ പരാമര്‍ശം. സ്പീക്കറെ മറയ്ക്കുന്ന തരത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി കാണിച്ചതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്.
Content Highlights: shafi parambil, m n shamseer, speaker, brahmapuram, waste plant fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..