രാഹുൽ മാങ്കൂട്ടത്തിൽ, സഭയിലെ കയ്യാങ്കളി | Photo: Facebook/ Rahul Mamkootathil
തിരുവനന്തപുരം: സഭയില്‍ സത്യാഗ്രഹസമരം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ നടക്കുന്ന രൂപത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന ശിവന്‍കുട്ടിയുടെ വിമര്‍ശനത്തോടാണ് രാഹുലിന്റെ പ്രതികരണം. തങ്ങളുടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
'ഇപ്പോള്‍ നടക്കുന്ന പോലെയൊരു സമരം നിയമസഭയില്‍ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം?- മന്ത്രി വി. ശിവന്‍കുട്ടി (മാര്‍ച്ച് 21, 2023).
ഓ അംബ്രാ... ഞങ്ങടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ!'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2015 മാര്‍ച്ച് 13-ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ സഭയിലെ കയ്യാങ്കളിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹസമരം പ്രഖ്യാപിച്ചിരുന്നു. അഞ്ച് എം.എല്‍.എമാര്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നായിരുന്നു അറിയിച്ചത്. അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്റഫ്, ഉമാ തോമസ് എന്നിവര്‍ സമരമിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.
തുടര്‍ന്ന് പ്രതിപക്ഷം ഒന്നാകെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുമ്പോഴാണ് മന്ത്രി ശിവന്‍കുട്ടി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. ചോദ്യോത്തരവേളയില്‍ മറുപടി പറയവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. തങ്ങളൊക്കെ മുമ്പ് സഭാംഗങ്ങളായിരുന്നവരാണ്. മുമ്പും ശക്തമായ പ്രതിഷേധമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.
Content Highlights: Rahul Mamkootathil V Sivankutty Niyamasabha criticism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..