ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും  സര്‍ക്കാരുമടക്കം നിലപാട് മയപ്പെടുത്തുമ്പോള്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഹൈന്ദവ വിശ്വാസ സംഘടനകള്‍. എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളും ശക്തമായ സമരത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ റോഡ് ഉപരോധവും സമരവും തലസ്ഥാന നഗരയിലേക്കുവരെ നീങ്ങിതുടങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുറച്ച് യുവതികളെങ്കിലും ഇത്തവണ തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ മലകയറാനെത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.  എന്നാല്‍ നിലവിലെ അചാര പ്രകാരമല്ലാതെ സ്ത്രീകള്‍ മലകയറാന്‍ തയ്യറായി വന്നാല്‍ അത് വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കുമെന്ന്  സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ പറയുന്നു. ശബരി മല പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാ ലംഘനമല്ലേ?

ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. അവിടെയുള്ളത് പ്രായ നിയന്ത്രണം മാത്രമാണ്. അത് ശരിയാണെന്നും തെറ്റാണെന്നും വാദിക്കാം. കഴിഞ്ഞ വര്‍ഷം മാത്രം 4.25 ലക്ഷം സ്ത്രീകള്‍ കയറിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം സ്ത്രീകള്‍ അതിന്റെ മുന്‍പത്തെ വര്‍ഷവും കയറിയിട്ടുണ്ട്. പിന്നെങ്ങനെയാണ് അവിടെ സ്ത്രീകള്‍ക്ക് വിലക്കുണ്ട് എന്ന് പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട്‌ നടക്കുന്നത് വ്യക്തമായ ഗൂഡാലോചനയാണ്. വിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഡാലോചന. അത് എല്ലാ അമ്പലങ്ങളിലും മുസ്‌ലിം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലുമെല്ലാം നിലനില്‍ക്കുന്ന മത സ്വാതത്തില്‍മേലുള്ള കടന്ന് കയറ്റമാണ്. അതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ വിവിധ മത സംഘടനകളില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന് വരുന്നത്. വിശ്വാസ സംരക്ഷണം ആവശ്യപ്പെട്ട് വിശ്വാസികള്‍ തെരുവിലിറങ്ങിയതും ആ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്.  

പുനഃപരി​ശോധനാ ഹര്‍ജിയില്‍ സാധ്യതയുണ്ടോ?

തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ ബോര്‍ഡിന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. ഏകദേശം 821 കോടി രൂപ അയ്യപ്പന്റേതായി കിടക്കുന്ന ബോര്‍ഡാണിത്. പക്ഷെ ഇതില്‍ ഒരു പത്ത് ലക്ഷം രൂപ ചെലവാക്കി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ബോര്‍ഡ് തയ്യാറാവുന്നില്ല. ഇത് ശബരിമലയോട് കാട്ടുന്ന കടുത്ത അനീതിയുടെ തെളിവാണ്. മറ്റാരെങ്കിലും പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോയാലും കോടതി ആദ്യം ചോദിക്കുന്നത് ബോര്‍ഡ് എവിടെ എന്നാണ്. ബോര്‍ഡ് വന്നില്ല എന്ന് മറുപടി കൊടുത്താല്‍ അത് ഹര്‍ജിയെ ബാധിക്കും. ബോര്‍ഡിനില്ലാത്ത വിഷമം നിങ്ങള്‍ക്കെന്താണ് എന്ന് ചോദിക്കും. ആ ഹര്‍ജികൊണ്ട് കാര്യമില്ലാതാവും. ഇങ്ങനെ ഹര്‍ജി കൊടുക്കാത്തത് ധാര്‍ഷ്ട്യത്തിന്റെ തെളിവല്ലേ. വിശ്വാസികള്‍ക്കൊപ്പമെന്ന് പറയുമ്പോഴും പുനപരിശോധനാ ഹര്‍ജിയുമായി പോകാഞ്ഞാല്‍ ബോര്‍ഡിന്റെ ഭാഗം കൃത്യമായി കോടതിയില്‍ അവതരിപ്പിക്കപ്പെടില്ല. ക്ഷേത്രത്തിന്റെ വിശ്വാസം കാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിവരാണ് ദേവസ്വം ബോര്‍ഡിലുള്ളത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്നത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണെന്ന് ഞാന്‍ പറയും. ഈ അനീതിക്കെതിരെയാണ് ഇപ്പോള്‍ സമരം നടത്തുന്നത്. ജെല്ലിക്കെട്ട് പോലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി ശബരിമല പള്ളിക്കെട്ട് മുതല്‍ അയ്യപ്പ ജെല്ലിക്കെട്ട് വരെ എന്ന പേരില്‍ ഒക്ടോബര്‍ 17 മുതല്‍ 22 വരെയുള്ള ക്യാമ്പയിനിനും തുടക്കം കുറിക്കും.

മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പോകുന്നുണ്ടല്ലോ?

ഓരോ ക്ഷേത്രത്തിലേയും ആത്മാവെന്ന് പറയുന്നത് ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്‍പ്പമാണ്. അവിടെയൊക്കെ തന്ത്രി പ്രതിഷ്ഠ നടത്തുമ്പോള്‍ ഓരോ ടെമ്പിള്‍ പോളിസി(ആചാര ക്രമങ്ങള്‍) മുന്നോട്ട് വെക്കും. ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠാ സങ്കല്‍പ്പം നൈഷ്ടിക ബ്രഹ്മചര്യമെന്നാണ്. മാത്രമല്ല പ്രായനിയന്ത്രണവും ടെമ്പിള്‍ പോളിസിയുടെ ഭാഗമായി നിലനില്‍ക്കുന്നു. എന്നാല്‍ മറ്റ് ക്ഷേത്രങ്ങളിലെ അയ്യപ്പ പ്രതിഷ്ഠാ സങ്കല്‍പ്പമെന്നത് നൈഷ്ടിക ബ്രഹ്മചര്യമല്ല-മാത്രമല്ല അവിടെയുള്ള ടെമ്പിള്‍ പോളിസിയും വ്യത്യാസമാണ്. അതുകൊണ്ട് അവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പോവുന്നതിനും വിലക്കില്ല. ആര്‍ത്തവ വിഷയവുമായി ബന്ധിപ്പിച്ച് ശബരിമല പ്രവേശന വിധിയെ ന്യായീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. അത് ശരിയല്ല. പലരും ആര്‍ത്തവത്തോട് യുവതീ പ്രവേശനത്തെ ബന്ധിപ്പിക്കുന്നത് ഇരവാതം കളിക്കാനുള്ള അവസരം ആയി ഉപയോഗിക്കാനാണ്.  91-ലെ കോടതി വിധിന്യായത്തില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ഇതൊന്നുമല്ല പ്രായനിയന്ത്രണത്തിന് കാരണമെന്നും മറിച്ച് നൈഷ്ടികബ്രഹ്മചാരിയെന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും വിധി ന്യായം പറയുന്നു. ആര്‍ത്തവത്തോട് ഇവയെ ബന്ധിപ്പിച്ചാല്‍ മാത്രമേ സ്ത്രീ വിമോചകരെന്ന് പറയുന്നവര്‍ക്ക് വിഷയം കത്തിച്ച് നിര്‍ത്താന്‍ കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാണിക്കാന്‍ ദേവസ്വം ബോര്‍ഡിനും താല്‍പര്യമില്ല. ആര്‍ത്തവവുമായി കേസിനെ ബന്ധിപ്പിച്ചതാണ് കേസ് ഇത്രയും ദുര്‍ബലമാവാന്‍ കാരണം. കഴിഞ്ഞ ദിവസം എന്‍.എസ്.എസ് അടക്കമുള്ളവര്‍ കൊടുത്ത ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭരണഘടനാ മൂല്യങ്ങള്‍ക്കാണോ ആചാരങ്ങള്‍ക്കാണോ ഒരു സര്‍ക്കാര്‍ പ്രധാന്യം കൊടുക്കേണ്ടത്?

തീര്‍ച്ചയായും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അപ്പോള്‍ തുല്യത എന്ന സ്ത്രീകളുടെ വാദത്തെ എതിര്‍ക്കാമോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. പക്ഷെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരു വ്യക്തിയുടെ മത സ്വാതന്ത്രം, വിശ്വാസ സംസ്‌കാരം എന്നിവയെല്ലാം സംരക്ഷിക്കണമെന്ന് പറയുന്നുണ്ട്. ഇത് തന്നെയാണ്  വിധിക്കെതിരേയുള്ള സമരത്തിലും ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ശബരിമലയില്‍ തുടര്‍ന്ന് പോരുന്ന വിശ്വാസ സംസ്‌കാരം നില നില്‍ക്കണം. ആര്‍ട്ടിക്കിള്‍ 25 ലെ ഈ വരികള്‍ ഉപയോഗിച്ച് തന്നെയാണ് തമിഴ്‌നാട് ജെല്ലിക്കെട്ട് വിധിക്കെതിരേയുള്ള ഓര്‍ഡിനന്‍സും സ്വന്തമാക്കിയത്. വെറും ആള്‍ക്കൂട്ടമല്ല സമരത്തിലുള്ളത് മറിച്ച് ഒരു വിശ്വാസ സമൂഹമാണ്. ഈ വിശ്വാസ സമൂഹത്തില്‍ യുവതികള്‍ ഉള്‍പ്പെടെയുള്ളവരാണ് സമരത്തിലുള്ളത്. ശബരിമലയില്‍ സമരം ചെയ്യുന്നവരേയെല്ലാം പട്ടാളത്തെ ഉപയോഗിച്ച് നീക്കണമെന്ന് വരെ ചിലര്‍ പറയുന്നത് കേട്ടു. ഇതൊക്കെ വിശ്വാസികളെ കൊണ്ട് രാഷ്ട്രീയം കളിക്കുന്നവരുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ്. അങ്ങനെ ശബരിമലയെ രാഷ്ട്രീയം കളിക്കാന്‍ വിട്ട് കൊടുക്കില്ല.

ശബരിമലയില്‍ എത്തുന്നവരെ തടയുമോ?
ഒക്ടോബര്‍ 17 മുതല്‍ 22 വരെയ ശബരിമല പള്ളിക്കെട്ട് മുതല്‍ അയ്യപ്പ ജെല്ലിക്കെട്ട് വരെയെന്ന് പേരിലുള്ള പ്രാര്‍ഥാനാ സമരമാണ് വിശ്വാസികള്‍ നടത്തുക. സമരം പൂര്‍ണമായും ഗാന്ധിയന്‍ രൂപത്തിലാകും. ആരേയും ചീത്തപറയാനോ മര്‍ദിക്കാനോ ഞങ്ങളുണ്ടാവില്ല. എന്നാല്‍ വിലക്കുകളെല്ലാം ലംഘിച്ച് കൊണ്ട് മലചവിട്ടുമെന്ന വാശിയില്‍ വരുന്ന സ്ത്രീവിമോചന പ്രവര്‍ത്തകര്‍ക്ക് ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ മല ചവിട്ടാന്‍ കഴിയുകയൂള്ളൂ.