നിലമ്പൂര്‍: അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം. നിലമ്പൂരിലെ കണ്‍വെന്‍ഷനിടയ്ക്കാണ് വേദിയിലിരിക്കുന്ന രാഹുല്‍ഗാന്ധിയുടെ സമീപത്തേക്ക് ചുങ്കത്തറ തലഞ്ഞി മദര്‍ വെറോണിക്ക സ്‌പെഷ്യല്‍സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോണ്‍സയും സംഘവും വരുന്നത്. അടുത്തതവണ നിലമ്പൂരില്‍ വരുമ്പോള്‍ തങ്ങളുടെ സ്‌കൂളില്‍വന്ന് കുട്ടികളെ കാണണമെന്ന് അഭ്യര്‍ഥിക്കാനാണ് അവര്‍ വന്നത്. സ്‌കൂളിലേക്ക് എത്രദൂരമുണ്ടെന്ന് രാഹുല്‍ ചോദിച്ചു. പരമാവധി പത്തുകിലോമീറ്ററെന്ന് അവരുടെ മറുപടി. എന്നാല്‍ അടുത്ത തവണയാക്കണ്ട, ഇപ്പോള്‍ത്തന്നെ വരാമെന്നായി രാഹുല്‍. അങ്ങനെ അപ്രതീക്ഷിതമായി എല്ലാ ഷെഡ്യൂളുകളും തെറ്റിച്ച് രാഹുല്‍ സ്‌കൂളിലെത്തി.
എം.പി.യുടെ അപ്രതീക്ഷിത തീരുമാനം സ്‌കൂള്‍ അധികൃതരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അദ്ഭുതപ്പെടുത്തി. വൈകീട്ട് നാലരയോടെയാണ് നൂറ്റിയന്‍പതോളം ഭിന്നശേഷിക്കാര്‍ പഠനം നടത്തുന്ന തലഞ്ഞിയിലെ മദര്‍ വെറോണിക്കാ സ്‌പെഷ്യല്‍ സ്‌കൂളിലെത്തിയത്. സ്‌കൂളില്‍ എത്തിയ ഉടനെ കുട്ടികളെ ഹസ്തദാനം ചെയ്തും സെല്‍ഫിയെടുത്തും സംസാരിച്ചും എം.പി. അവരിലൊരാളായി മാറി. വൊക്കേഷണല്‍ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പുതിയ കെട്ടിടം നിര്‍മിക്കേണ്ടതിന്റെ ആവശ്യകത സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഇതു സംബന്ധിച്ച വിശദവിരങ്ങള്‍ എം.പി. ചോദിച്ചറിയുകയുംചെയ്തു. ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശിനോട് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി. മുക്കാല്‍ മണിക്കൂറോളം സ്‌കൂളില്‍ചെലവഴിച്ച ശേഷമാണ് രാഹുല്‍ഗാന്ധി മടങ്ങിയത്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോന്‍സ, മദര്‍ സുപ്പീരിയര്‍ കൃപ മരിയ, സിസ്റ്റര്‍ നളിനി, സിസ്റ്റര്‍ ജോഷ്മ, െട്രയിനര്‍മാരായ ജോബി തോമസ്, ടോണി ജോര്‍ജ് എന്നിവര്‍ അതിഥികളെ സ്വീകരിച്ചാനയിച്ചു.
കെ.സി. വേണുഗോപാല്‍ എം.പി. അടക്കമുള്ള നേതാക്കളും രാഹുല്‍ഗാന്ധിക്കൊപ്പം സ്‌കൂളിലെത്തിയിരുന്നു.