
കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ : മാതൃഭൂമി
കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടേത് ഏറ്റവും വലിയ വര്‍ഗീയ പരാമര്‍ശമാണ്. കോണ്‍ഗ്രസിന് മതേതര മുഖം നഷ്ടമായെന്ന് പറഞ്ഞ കോടിയേരി ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞുവെന്നും ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്റാക്കി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോല്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്റ്.
മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തില്‍ പ്രതിനിധ്യം കൊടുക്കുന്നതെന്നണ് കോണ്‍ഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നത്. ആ കീഴ്വഴക്കം ഇപ്പോള്‍ ലംഘിക്കാന്‍ കാരണമെന്താണ്? ഈ ലംഘനം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന നിലപാടാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യഭരിക്കേണ്ടതെന്നുമാണ് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞിരിക്കുന്നത്.
ഈ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയെല്ലാം ഇപ്പോള്‍ അവഗണിച്ച് ഒതുക്കിവെച്ചിരിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. ഗുലാം നബി ആസാദ് എവിടെ? സല്മാന് ഖുര്‍ഷിദ് എവിടെ? കെ.വി.തോമസ് എവിടെ? ഇവരെയെല്ലാം ഒതുക്കിവെച്ചത് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ ഭാഗമാണ്. ഇക്കാര്യമാണ് കോണ്ഗ്രുകാരാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വര്‍ഗീയത ? രാഹുല്‍ ഗാന്ധി പറഞ്ഞതിനെ ശക്തമായി എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് സാധിക്കാത്തത് ? രാഹുല്‍ ഗാന്ധിയുടെ നിലപാട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ നിലപാടിന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുടെ ജയ്പുര്‍ പ്രസംഗത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറുണ്ടോ? അതാണ് അവര്‍ വ്യക്തമാക്കേണ്ടത്.
ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരിക്കലും ഇക്കാര്യം അവകാശപ്പെട്ടിട്ടില്ലെന്ന് സിപിഎം നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയിയി അദ്ദേഹം പറഞ്ഞു. ഏത് വിഭഗത്തില്‍പ്പെട്ട നേതാക്കളായാലും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ആളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul Gandhi's policy is to ignore minorities says CPM secretary Kodiyeri Balakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..