തെരുവുകളില്‍ ആളിക്കത്തി കോണ്‍ഗ്രസ് പ്രതിഷേധം; കല്പറ്റയില്‍ ഇന്ന് യു.ഡി.എഫ് റാലി


തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ വനിതാ കോണ്‍ഗ്രസുകാരെ പുരുഷ പോലീസ് കൈയേറ്റം ചെയ്‌തെന്ന് പരാതിയുയര്‍ന്നു. പിന്നീട് വനിതാ പോലീസുകാരെത്തി പ്രതിഷേധക്കാരെ നീക്കി.

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവർ.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തിനെതിരേ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. വെള്ളിയാഴ്ച വൈകീട്ടോടെ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം പലയിടത്തും സംഘര്‍ഷമായി. തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ വനിതാ കോണ്‍ഗ്രസുകാരെ പുരുഷ പോലീസ് കൈയേറ്റം ചെയ്‌തെന്ന് പരാതിയുയര്‍ന്നു. പിന്നീട് വനിതാ പോലീസുകാരെത്തി പ്രതിഷേധക്കാരെ നീക്കി. യൂത്ത് കോണ്‍ഗ്രസുകാരും പ്രതിഷേധപ്രകടനവുമായെത്തി.

ബേക്കറി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധവും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. നന്ദാവനം പോലീസ് ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധ പ്രകടനം യൂണിവേഴ്സിറ്റി കോളേജിനു സമീപം സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളെക്‌സുകള്‍ പ്രതിഷേധക്കാര്‍ വലിച്ചുകീറി.

കോട്ടയത്ത് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയി, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവര്‍ക്ക് പരിക്കേറ്റു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ചേര്‍ത്തലയില്‍ പ്രകടനം നടക്കുന്നതിനിടെ അഗ്‌നിപഥ് വിഷയത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.യും എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പത്തനംതിട്ടയില്‍ അടൂര്‍, പത്തനംതിട്ട, തിരുവല്ല, കോഴഞ്ചേരി, റാന്നി എന്നിവിടങ്ങളില്‍ റോഡുപരോധിച്ച പ്രവര്‍ത്തകരെ പോലീസെത്തി നീക്കി.

എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.ജി. റോഡ് ഉപരോധിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. മുപ്പതോളംപേര്‍ക്കെതിരേ കേസെടുത്തു. മലപ്പുറം കുന്നുമ്മലില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ തീയിട്ട് പ്രതിഷേധിച്ചു.

എസ്.എഫ്.ഐ.യുടേത് തെറ്റിപ്പോയ സമരമെന്ന് സി.പി.എമ്മിന്റെ കുറ്റപ്പെടുത്തല്‍

ബിജു പരവത്ത്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ.യുടെ പ്രതിഷേധം തെറ്റിപ്പോയ സമരരീതിയെന്ന് സി.പി.എമ്മിന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണമുണ്ടാകുന്നത്. ഇതിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ നേതാക്കള്‍, സംഭവത്തെ തള്ളിപ്പറഞ്ഞ് പരസ്യമായി അപലപിക്കണമെന്ന് തീരുമാനമെടുത്തു.

രാഹുല്‍ഗാന്ധി കേരളത്തിലെ ഒരു എം.പി. മാത്രമാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ദേശീയതലത്തില്‍ ബി.ജെ.പി.ക്കെതിരായ നേതൃമുഖമാണ്. അദ്ദേഹത്തിന്റെ ഓഫീസ് കേരളത്തില്‍ ആക്രമിക്കപ്പെട്ടത് ബി.ജെ.പി.യും ആയുധമാക്കും. ദേശീയതലത്തില്‍ പ്രാധാന്യമുണ്ടാകുന്ന തെറ്റായ സമരം എന്നാണ് ഇതിനെ സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇതിന്റെ രാഷ്ട്രീയവീഴ്ച തിരിച്ചറിഞ്ഞാണ് എസ്.എഫ്.ഐ. പ്രതിഷേധത്തെ ഉടനടി തള്ളിപ്പറയാന്‍ സി.പി.എം. നേതാക്കള്‍ തയ്യാറായത്.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഉടനിറങ്ങി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് യെച്ചൂരിയും സംഭവത്തെ അപലപിച്ചത്. അക്രമത്തിന് പോലീസ് കേസും സമരക്കാര്‍ക്കെതിരേ സംഘടനാ നടപടിയും ഉണ്ടാകണമെന്നാണ് ധാരണ.

ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്; കല്പറ്റയില്‍ ഇന്ന് യു.ഡി.എഫ്. റാലി

കല്പറ്റ: രാഹുല്‍ഗാന്ധിയെ താറടിച്ചുകാണിച്ച് ബി.ജെ.പി.യെ സന്തോഷിപ്പിക്കാന്‍ സി.പി.എം. നേതൃത്വം ആസൂത്രണംചെയ്തതാണ് ഓഫീസ് ആക്രമണമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ., എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ ആരോപിച്ചു.

ബഫര്‍സോണുമായി എസ്.എഫ്.ഐ.ക്ക് ഒരു ബന്ധവുമില്ല. കോടതിവിധിയുമായി രാഹുല്‍ഗാന്ധിക്കും ബന്ധമില്ല. ഇതുവരെ കോടതിവിധിക്കെതിരേ പ്രതികരിക്കാത്ത എസ്.എഫ്.ഐ. രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്.

1.30-ന് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് സുരക്ഷനല്‍കണം എന്നാവശ്യപ്പെട്ടിട്ടും പോലീസ് ഒരു നടപടിയുമെടുക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണ്. പ്രതികളെ പിടികൂടുമെന്നും പോലീസിന്റെ വീഴ്ച പരിശോധിക്കുമെന്നുമുള്ള ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കല്പറ്റയില്‍ യു.ഡി.എഫ്. റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് പരിസരത്തുനിന്ന് ആയിരക്കണക്കിനുപേര്‍ അണിനിരക്കുന്ന റാലി തുടങ്ങും. തുടര്‍ന്ന് കല്പറ്റ ടൗണില്‍ പ്രതിഷേധയോഗം നടത്തും.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ., മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, പി.എം.എ. സലാം തുടങ്ങിയവര്‍ പങ്കെടുക്കും.

പോലീസിനു വീഴ്ച; കല്പറ്റയില്‍ മണിക്കൂറുകളോളം തെരുവുയുദ്ധം

കല്പറ്റ: രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസില്‍ എസ്.എഫ്.ഐ. നടത്തിയ ആക്രമണം അതിരുകടക്കുകയും പോലീസിന് വീഴ്ചപറ്റുകയും ചെയ്തതോടെ കല്പറ്റ സിവില്‍സ്റ്റേഷന്‍ പരിസരം മണിക്കൂറുകളോളം യുദ്ധക്കളമായി. നിനച്ചിരിക്കാതെയുള്ള ആക്രമണവും ദേശീയപാത ഉപരോധവുമായതോടെ കല്പറ്റ നഗരം സ്തംഭിച്ചു. വെള്ളിയാഴ്ച മൂന്നുമണിക്ക് തുടങ്ങിയ സമരകോലാഹലങ്ങള്‍ രാത്രി ഒമ്പതുമണിയോടെയാണ് അടങ്ങിയത്.

കൈനാട്ടി ഗൗതം ടവറിലെ രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസിലേക്ക് പ്രകടനമായെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസ് വലയം മറികടന്ന് ഓഫീസിനകത്തേക്ക് പാഞ്ഞുകയറിയതോടെ കാര്യങ്ങള്‍ കൈവിട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ആക്രമണം അതിരുകടക്കാന്‍ ഇടയാക്കിയത്. എസ്.എഫ്.ഐ. പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കല്പറ്റ ഡിവൈ.എസ്.പി. എം.ഡി. സുനിലിനോട് വെള്ളിയാഴ്ച ഉച്ചയ്ക്കുതന്നെ വിളിച്ചുപറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ലെന്നും പോലീസിന്റെ ഒത്താശയോടെയാണ് ഓഫീസിനുനേരെയുള്ള ആതിക്രമമെന്നും ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു. മുന്നൂറോളം വരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകരെ നേരിടാന്‍ ആദ്യം പത്തില്‍താഴെ പോലീസുകാര്‍ മാത്രമാണുണ്ടായത്. കെട്ടിടത്തിന്റെ പിറകിലൂടെയും മുന്‍ഭാഗത്തെ ഷട്ടര്‍ തകര്‍ത്തും ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ അമ്പതോളം പ്രവര്‍ത്തകര്‍ ഓഫീസ് തല്ലിത്തകര്‍ത്തു.

രാഹുല്‍ഗാന്ധിയുടെ പി.എ. രതീഷ്, ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്പള്ളി എന്നിവരെ മര്‍ദിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും നശിപ്പിച്ചു. വാഴനടുകയും എസ്.എഫ്.ഐ.യുടെ കൊടികുത്തുകയും ചെയ്തു. പരിക്കേറ്റ അഗസ്റ്റിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിനുമുന്നില്‍ മുദ്രാവാക്യംവിളികളുമായി നിന്നു. പ്രതിഷേധമാര്‍ച്ച് ആക്രമാസക്തമായതോടെയാണ് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തുകയും ലാത്തിവീശുകയും ചെയ്തത്. ലാത്തിവീശിയതില്‍ പ്രതിഷേധിച്ച് പോലീസിനെ വെല്ലുവിളിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ദേശീയപാതയിലൂടെ പ്രകടനം നടത്തി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള ജങ്ഷനില്‍നിന്ന് പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസിനുമുന്നിലെത്തുകയും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേസമയം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു.

നടുറോഡില്‍ അടി, ഉപരോധം

കുത്തിയിരുന്ന് പ്രതിഷേധിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരെ നാലരയോടെ പോലീസ് അറസ്റ്റുചെയ്തു നീക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. പോലീസ് ലാത്തിവീശി. നടുറോഡില്‍ സംഘര്‍ഷമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ബാക്കിയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു. ഇതേസമയം കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ഓഫീസ് കെട്ടിട്ടം സംഘര്‍ഷഭൂമിയായി. പോലീസിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും പോലീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ഒത്താശചെയ്തതെന്നും ആരോപിച്ച് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെതിരേ സംഘടിച്ചതോടെ പോലീസ് ലാത്തിവീശി.

വീണ്ടും അഞ്ചുമണിയോടെ കൂടുതല്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകരെത്തി ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാപോലീസ് മേധാവിയുടെ ഓഫീസിനുമുന്നിലെ പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ നിമിഷനേരംകൊണ്ട് ഒഴുകിയെത്തി. രോഷത്തോടെ വന്ന പ്രവര്‍ത്തകര്‍ പലതവണ പോലീസിനുനേരെ തിരിഞ്ഞു. പലപ്പോഴും സംഘര്‍ഷം ലാത്തിച്ചാര്‍ജിന്റെ വക്കിലെത്തി. മുതിര്‍ന്ന നേതാക്കളിടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ആറരയോടെ കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ പോലീസിന്റെ ഷീല്‍ഡുകള്‍ പിടിച്ചുവാങ്ങി പ്രവര്‍ത്തകര്‍ ചവിട്ടിത്തകര്‍ത്തു. കൈയില്‍ കിട്ടിയ ലാത്തികള്‍ ദൂരേക്ക് വലിച്ചെറിഞ്ഞു.

ആക്രമാസക്തരാകരുതെന്ന് മുതിര്‍ന്നനേതാക്കള്‍ നിര്‍ദേശിച്ചതോടെ പ്രവര്‍ത്തകര്‍ 'ഡിവൈ.എസ്.പി. ഗോബാക്ക്' മുദ്രാവാക്യം വിളികളുമായി വീണ്ടും കുത്തിയിരുന്നു പ്രതിഷേധിച്ചു. രാത്രിവൈകിയും പ്രതിഷേധം തുടര്‍ന്നു. ഡി.ഐ.ജി. രാഹുല്‍ എസ്. നായര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതോടെയാണ് വെള്ളിയാഴ്ചത്തെ സമരം അവസാനിപ്പിച്ചത്.

Content Highlights: Rahul Gandhi's office attack congress protest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented