തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്തുവേണമെങ്കിലും ആയിക്കൊള്ളുവെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും നല്ല കഴിവുള്ളവരാണ്. ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്‍ക്ക് ഉണ്ട്. എല്ലാവരും കൂടി ഒന്നിക്കുമ്പോഴാണ് കഴിവ് വര്‍ധിക്കുന്നത്. കോണ്‍ഗ്രസ് ഒരു കുടുംബമാണ്. കുടുംബം പോലെ എല്ലാവരും പെരുമാറണം. ഇപ്പോള്‍ ആരും തമ്മില്‍ വഴക്ക് വേണ്ട. തിരഞ്ഞെടുപ്പിന്റെ ഒന്നോ രണ്ടോ മാസം എല്ലാവരും വഴക്ക് ഒഴിവാക്കണം. അത് കഴിയട്ടെ ഞാനും വരാം നിങ്ങളുടെ വഴക്ക് കേള്‍ക്കാന്‍. അദ്ദേഹം പറഞ്ഞു. 

സി.പി.എമ്മിന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ശേഷി ഇല്ല. കോണ്‍ഗ്രസിന് മാത്രമെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകു.മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ഒരുമിച്ച് നിന്ന് അടുത്ത അഞ്ച് വര്‍ഷം കൂടി ഭരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.