കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള ജനമഹാ റാലിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച കോഴിക്കോടെത്തും.

3.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി കോഴിക്കോട്ടെ പരിപാടിക്ക് ശേഷം ആറേ കാലോടെ  കോഴിക്കോട് നിന്ന് തിരിക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെത്തി അവിടെ നിന്നും കരിപ്പൂരേക്ക് തിരിച്ച് തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും കോഴിക്കോടെത്തുക.

രാഹുല്‍ഗാന്ധിക്കായി 850 പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഇതിന്റെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. രണ്ട് എസ്.പിമാര്‍, 12 ഡി.വൈ.എസ്.പിമാര്‍, 30 സിഐമാര്‍, 100 എസ്.ഐ മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്.

വൈകുന്നേരം 3.15 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 3.50 ന് കടവ് റിസോര്‍ട്ടിലെ അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം 4.50 ന് കോഴിക്കോട് ബീച്ചിലെ പരിപാടിക്കെത്തും. 6.20 ന് പരിപാടി കഴിഞ്ഞ് തിരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിനായിരിക്കും സുരക്ഷയുടെ പൂര്‍ണ ചൂമതല.

മോദിയെ പുറത്താക്കാന്‍ കേരളം എന്ന മുദ്രാവാക്യവുമായുര്‍ത്തിയാണ് ജനമഹാറാലി. 20 ലോക്സഭാമണ്ഡലങ്ങളിലും മോദിക്കെതിരേ രാഹുല്‍ ഗാന്ധി, എന്ന സന്ദേശം  മുന്നോട്ടുവെച്ചാകും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. വെകുന്നേരം നാലിന് നടക്കുന്ന സമ്മേളനം കേരളത്തിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കേളികൊട്ടായിമാറുമെന്ന്  ഡിഡിഡി പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ഏകദേശം ഒന്നര ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കശ്മീരില്‍ ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്ടിലെ സൈനികന്റെ വീട് സന്ദര്‍ശിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയതിനാല്‍ വയനാട് സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

മാവോ വാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്ദര്‍ശനവുമായി  ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ അടക്കം പ്രത്യേക സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കടത്തിവിടുക

Content Highlights:Rahul Gandhi In Kozhikode At Thursday