തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1990 കളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങളെത്തുടര്‍ന്നാണ് ലോകത്തെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പുരണ്ടിട്ടുണ്ട്. കോണ്‍ഗ്രസിനുവേണ്ടി രാഹുല്‍ കര്‍ഷകരോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ കേരളത്തില്‍ വരികയും അസാധാരണ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. കര്‍ഷകര്‍ക്കുവേണ്ടി അദ്ദേഹം ട്രാക്ടര്‍ ഓടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും ചെയ്യുന്നു. കേരളത്തോട് അദ്ദേഹം കാണിക്കുന്ന പ്രത്യേക താത്പര്യത്തിന് നന്ദി. എന്നാല്‍ ഡല്‍ഹിയിലെ കര്‍ഷക സമര വേദിയില്‍ ഇതുവരെ 70 ഓളം പേര്‍ മരിച്ചുവെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്. രാജ്യത്തെ മുഴുവന്‍ പിടിച്ചുലച്ച കര്‍ഷക സമരത്തെ പാടേ അവഗണിച്ചുകൊണ്ടാണ് രാഹുല്‍ കേരളത്തില്‍വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മൂന്ന് ലക്ഷം കര്‍ഷകരാണ് 90കള്‍ മുതല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യകള്‍ ഇന്നും തുടരുന്നു. കോണ്‍ഗ്രസിന്റെ അജണ്ടകളാണ് ഇന്നും തുടരുന്ന ആത്മഹത്യകള്‍ക്ക് കാരണം. കോണ്‍ഗ്രസിന്റെ നയങ്ങള്‍മൂലം അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടില്‍ എന്താണ് സംഭവിച്ചതെന്ന് എങ്കിലും അദ്ദേഹം അന്വേഷിക്കണം.

വയനാടിന്റെ നട്ടെല്ലായ കാപ്പി, കുരുമുളക് കൃഷികള്‍ എങ്ങനെ തകര്‍ന്നടിഞ്ഞു. 6000 കോടിരൂപയുടെ നഷ്ടമാണ് വയനാട്ടെ കാപ്പി, കുരുമുളക് മേഖലയില്‍ സംഭവിച്ചതെന്നാണ് മാധ്യമ പ്രവര്‍ത്തകനായ പി. സായ്‌നാഥ് പറയുന്നത്. ആയിരക്കണക്കിന് കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് ഇതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. അതൊന്നും മനസിലാക്കാതെ കൊടിയ ശൈത്യത്തില്‍ മരണത്തെ മല്ലിട്ടുകൊണ്ട് രാജ്യതലസ്ഥാനത്തെ തെരുവില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും സമരം ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവില്ല. കോണ്‍ഗ്രസ് തുടങ്ങിവച്ച കര്‍ഷക വിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Content Highlights: Rahul Gandhi Farmers' protest CM Pinarayi Vijayan