രാഹുൽഗാന്ധി വയനാട്ടിൽ | File Photo: PTI
കോഴിക്കോട്: രാഹുല്‍ഗാന്ധിയുടെ അയോഗ്യതയെത്തുടര്‍ന്ന് ഒഴിവുവന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നതായി സൂചന. കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് മെഷീന്‍ പരിശോധന തുടങ്ങി. മോക്ക് പോളിങ് ഉള്‍പ്പെടെ നടത്തിയാണ് പരിശോധന.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബുധനാഴ്ച പരിശോധിച്ചത്. മലപ്പുറം വയനാട് കലക്ടറേറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാവുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിന് പുറമേ വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്.
കലക്ടറേറ്റിന് മുന്നില്‍ പന്തല്‍ കെട്ടിയാണ് വോട്ടിങ് മെഷീന്‍ പരിശോധിച്ചത്. ജൂണ്‍ അഞ്ച് തിങ്കളാഴ്ച തന്നെ പരിശോധന സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു. ഒന്നാം തീയതി മുതല്‍ കലക്ടറേറ്റില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് യു.ഡി.എഫ്. പ്രതിനിധികള്‍ പറഞ്ഞു.
2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വയനാട് എം.പിയായ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയത്. കേസില്‍ രാഹുല്‍ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണനയില്‍ നില്‍ക്കവെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരം ഒരു നീക്കം നടത്താന്‍ കാരണമെന്ന് കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ പറഞ്ഞു. കോടതി വഴി ഇത് ചോദ്യംചെയ്യും. ലക്ഷദ്വീപിലും ഇത് തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ച രീതി. ഒടുവില്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ നിയമ വിദഗ്ദരുമായുള്ള കൂടിയാലോചനകള്‍ നടക്കുകയാണെന്നും എം.കെ. രാഘവന്‍ എം.പി. വ്യക്തമാക്കി.
Content Highlights: rahul gandhi disqualification wayanad lok sabha constituency by election election commission


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..