രാഹുൽഗാന്ധി, ഡോ. വന്ദന ദാസ് | Photo: ANI, PTI
ന്യൂഡല്‍ഹി: കൊട്ടാരക്കരയില്‍ ഡ്യൂട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണ്. അവരുടെ സുരക്ഷ സര്‍ക്കാരിന്റെ പ്രധാന പരിഗണനാവിഷയങ്ങളില്‍ ഒന്നായിരിക്കണം. ഡോ. വന്ദനയെപ്പോലെ കഴിവുള്ളവരെ ഇനിയും നമുക്ക് നഷ്ടപ്പെട്ടുകൂടെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടത്. തങ്ങളുടെ ജീവന്‍ പണയംവെച്ചാണ് നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നത്. ലഹരിയുടെ വിപത്തിനെ നേരിടാന്‍ കര്‍ശനമായ നടപടി കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പോലീസ് നടപടിക്രമങ്ങളും അവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന വിവേകശൂന്യമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കേരള സര്‍ക്കാരിനോടും മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഈ വിഷയത്തില്‍ ആവശ്യമായ ശ്രദ്ധചെലുത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. വന്ദനയെ വളരേ നേരത്തേ നമുക്ക് നഷ്ടമായി. എന്നാല്‍ നീതി നടപ്പാവണം', രാഹുല്‍ വ്യക്തമാക്കി.
Content Highlights: rahul gandhi condolences on kottarakkara dr vandana das murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..