രാഹുലിന്റെ യാത്ര ഇന്നു രാത്രി കേരള അതിര്‍ത്തിയില്‍


എം. ബഷീര്‍

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിലെ തക്കലയിൽ എത്തിയപ്പോൾ.

തിരുവനന്തപുരം: കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച രാത്രി കേരള അതിര്‍ത്തിയായ ചേരുവാരകോണത്ത് എത്തും. കേരളത്തില്‍ ഞായറാഴ്ച തുടങ്ങുന്ന യാത്രയ്ക്ക് വന്‍ഒരുക്കങ്ങളാണ് കെ.പി.സി.സി. നടത്തിയിട്ടുള്ളത്.

വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഞായറാഴ്ച രാവിലെ ഏഴിന് പാറശാലയില്‍നിന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി., യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍, യാത്രയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., ശശി തരൂര്‍ എം.പി. തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.

കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് യാത്ര. രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയം. യാത്രയില്‍ 300 പദയാത്രികരാണുള്ളത്.

ഗതാഗത തടസ്സമുണ്ടാകാതെ യാത്ര കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയോടും ജില്ലാ ഭരണാധികാരികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 11, 12, 13, 14 തീയതികളില്‍ പര്യടനം നടത്തി 14-ന് ഉച്ചയ്ക്ക് കൊല്ലംജില്ലയില്‍ പ്രവേശിക്കും. 15, 16 തീയതികളില്‍ കൊല്ലംജില്ലയിലെത്തും. 17, 18, 19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22-ന് എറണാകുളത്തും 23, 24, 25 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലും യാത്രയെത്തും.

26-നും 27-ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28-നും 29-നും മലപ്പുറം ജില്ലയിലൂടെകടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.

വെള്ളിയാഴ്ച രാവിലെ നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്നാണ് രാഹുല്‍ ഗാന്ധിയും സംഘവും മൂന്നാം ദിവസത്തെ യാത്രതിരിച്ചത്. തക്കലവഴി ആറുകിലോമീറ്റര്‍ നടന്ന് അഴകിയമണ്ഡപത്തില്‍ മൂന്നാംദിവസ യാത്ര പൂര്‍ത്തിയാക്കി.

230 പേര്‍ക്ക് താമസിക്കാന്‍ 60 കണ്ടെയ്നറുകള്‍; ഉള്ളില്‍ കാരവന് തുല്യമായ സംവിധാനം

തിരുവനന്തപുരം: രാഹുല്‍ഗാന്ധി കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുന്നത് 60 കണ്ടെയ്നറുകള്‍. യാത്രാസംഘത്തിലെ 230 പേര്‍ക്ക് അന്തിയുറങ്ങാനാണ് കണ്ടെയ്നറുകളെ കാരവന് സമാനമായ സംവിധാനമാക്കി മാറ്റി ഉപയോഗിക്കുന്നത്. യാത്രയെ പിന്തുടരുന്ന കൗതുകമാണ് ട്രക്കില്‍ ഉറപ്പിച്ച കണ്ടെയ്നറുകള്‍.

ദിവസവും രാവിലെയും വൈകീട്ടുമായി 25 കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്രയില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ 119 സ്ഥിരം യാത്രികരുണ്ട്. അതത് സ്ഥലങ്ങളില്‍നിന്ന് അണിചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേറെയുമുണ്ടാകും. യാത്രയില്‍ പങ്കെടുക്കുന്ന പ്രദേശവാസികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നില്ല. സ്ഥിരം യാത്രികരും സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങളിലുള്ളവര്‍ക്കുമാണ് കണ്ടെയ്നറില്‍ താമസസൗകര്യമൊരുക്കുന്നത്. ഒന്നു മുതല്‍ 12 കിടക്കകള്‍ വരെ ഉള്ളിലുണ്ടാകും. തീവണ്ടിയിലെ ബര്‍ത്തുകളെ ഓര്‍മിപ്പിക്കുന്ന വിധം സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. ശുചിമുറികളും ഉള്ളിലുണ്ട്. യാത്രയ്‌ക്കൊപ്പം നീങ്ങാതെ ഇവയെ സ്ഥലത്തെ സുരക്ഷിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. 60 കണ്ടെയ്നറുകള്‍ രണ്ടേക്കര്‍ സ്ഥലത്താണ് നിര്‍ത്തിയിടുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍: തിരഞ്ഞെടുപ്പുവരെ കാത്തിരിക്കൂ -രാഹുല്‍

തക്കല(കന്യാകുമാരി): താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ അല്ലയോ എന്നത് അധ്യക്ഷതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വ്യക്തമാകുമെന്നും അതുവരെ കാത്തിരിക്കാനും രാഹുല്‍ഗാന്ധി എം.പി. ഭാരത് ജോഡോ യാത്രയ്ക്കിടെ കന്യാകുമാരിക്കടുത്ത് തക്കലയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്താണ് ചെയ്യേണ്ടതെന്നത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. അക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. ഭാരത് ജോഡോ യാത്ര നയിക്കുകയല്ല, അതില്‍ പങ്കാളിയാവുകയാണ്. തന്നെക്കുറിച്ചും ഈ രാജ്യത്തെക്കുറിച്ചും യാത്രയിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകും. മൂന്നുനാലുമാസം കഴിയുമ്പോള്‍ താന്‍ കൂടുതല്‍ വിവേകശാലിയാകും. അധ്യക്ഷനല്ലാത്ത താന്‍ പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്ര നയിക്കുന്നുവെന്ന വൈരുധ്യമൊന്നുമില്ല. ഈ യാത്ര കോണ്‍ഗ്രസിന് കരുത്താകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ബി.ജെ.പി.യും ആര്‍.എസ്.എസും രാജ്യത്തിനുണ്ടാക്കിയ നാശം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ഈ യാത്ര.

ജയറാം രമേശ്, കെ.സി. വേണുഗോപാല്‍, കെ. അഴഗിരി തുടങ്ങിയ നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Rahul Gandhi Bharat Jodo Yathra Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented