ബഹുദൂരംതാണ്ടാന്‍ അതിവേഗം; രാഹുലിന് ഒപ്പമെത്താന്‍ പരിശ്രമിച്ച് നേതാക്കള്‍


ഭാരത് ജോഡോ യാത്ര പാറശ്ശാലയിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചാനയിക്കുന്ന പെൺകുട്ടി.

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ആദ്യദിനം രാഹുല്‍ഗാന്ധിയും സംഘവും പാറശ്ശാല മുതല്‍ നേമംവരെ നടന്നത് 25 കിലോമീറ്റര്‍. വെയിലിനെ കൂസാതെ ദേശീയപാതയിലൂടെ രാഹുല്‍ഗാന്ധി അതിവേഗം നടന്നെത്തിയപ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂടെയെത്താന്‍ പ്രയാസപ്പെട്ടു. കാത്തുനിന്നവരോട് കൈവീശി, പ്രവര്‍ത്തകരുടെ അടുത്തേക്കെത്തി അവരെ അഭിവാദ്യം ചെയ്തായിരുന്നു യാത്ര.

നേതാക്കള്‍ പലരും കുറച്ചുദൂരം യാത്ര നടത്തി വിശ്രമിച്ചശേഷമാണ് വീണ്ടും യാത്ര തുടങ്ങിയത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ എന്നിവരാണ് മുഴുവന്‍ദൂരവും രാഹുലിനൊപ്പം യാത്ര പൂര്‍ത്തിയാക്കിയ പ്രധാന നേതാക്കള്‍. നാലുദിവസത്തിനിടെ 84 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര പിന്നിട്ടത്. ചാണ്ടി ഉമ്മന്‍, മഞ്ജുക്കുട്ടന്‍, എം.എ. സലാം, ഡി. ഗീതാകൃഷ്ണന്‍, അനില്‍ബോസ്, പി.വി. ഫാത്തിമ, ഷീബാ രാമചന്ദ്രന്‍, നബീല്‍ കല്ലമ്പലം, കെ.ടി. ബെന്നി എന്നീ ഒന്‍പതുപേരാണ് പദയാത്രയിലെ കേരളത്തില്‍നിന്നുള്ള സ്ഥിരാംഗങ്ങള്‍.

ആവേശം, ആഘോഷം...ഭാരത് ജോഡോ യാത്ര

തിരുവനന്തപുരം: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് കേരളത്തിലേക്ക് ആവേശോജ്ജ്വല വരവേല്‍പ്പ്. അതിര്‍ത്തിയായ പാറശ്ശാലയില്‍ ഞായറാഴ്ച ഏഴിന് നേതാക്കളും പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് രാഹുലിനെയും സഹയാത്രികരെയും വാദ്യമേളത്തിന്റെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ സ്വീകരിച്ചു.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി., പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവര്‍ ചേര്‍ന്ന് ഓണക്കോടിയും നെല്‍ക്കതിരും നല്‍കി രാഹുലിനെ കസവുതലപ്പാവ് അണിയിച്ചു. ഏഴാംക്ലാസ് വിദ്യാര്‍ഥിനി അര്‍ഹ ചന്ദനക്കുറിയണിയിച്ചു.

പാറശ്ശാല ജങ്ഷനിലെ കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. മുതിര്‍ന്ന നേതാക്കളെ അഭിവാദ്യംചെയ്തശേഷമാണ് രാഹുല്‍ കേരളത്തിലെ പദയാത്ര ആരംഭിച്ചത്. 149 സ്ഥിരംയാത്രികര്‍ക്കൊപ്പം ജില്ലയില്‍നിന്നുള്ള സംഘവും ദേശീയപതാകകളുമായി യാത്രയില്‍ചേര്‍ന്നു. വഴിയരികില്‍ പൂക്കളും പൊന്നാടയുമായും ദേശീയപതാകയുമായി അഭിവാദ്യംചെയ്യാനെത്തിയ നൂറുകണക്കിന് ആളുകളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും കുറച്ചുദൂരം ഒപ്പംചേര്‍ത്തായിരുന്നു രാഹുല്‍ഗാന്ധിയുടെ യാത്ര. ഉദിയന്‍കുളങ്ങരയ്ക്കടുത്ത് കുന്നന്‍വിളയിലെ സ്റ്റാന്‍ലിയുടെ ചായക്കടയിലെത്തി നേതാക്കള്‍ക്കൊപ്പം ചായയും വടയും കഴിച്ചു. 10.30-ഓടെ 14 കിലോമീറ്റര്‍ പിന്നിട്ട് നെയ്യാറ്റിന്‍കര ഊരുട്ടുകാലായിലെത്തി. സ്വാതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവീമന്ദിരത്തിലായിരുന്നു വിശ്രമം. നെയ്ത്തുതൊഴിലാളികളുമായും സ്‌കൂള്‍വിദ്യാര്‍ഥികളുമായും രാഹുല്‍ സംവദിച്ചു.

വൈകീട്ട് 11 കിലോമീറ്റര്‍ പിന്നിട്ട് നേമത്ത് അവസാനിച്ചു. വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. പട്ടം സെയ്ന്റ്‌മേരീസ് സ്‌കൂളില്‍ തങ്ങുന്ന സംഘം തിങ്കളാഴ്ച രാവിലെ യാത്ര പുനരാരംഭിക്കും.

താരീഖ് അന്‍വര്‍, ജയറാം രമേഷ്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ. മുരളീധരന്‍, എം.എം. ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍പ്രകാശ്, എം. വിന്‍സന്റ് തുടങ്ങിയവരുള്‍പ്പെടെ നേതാക്കളുടെ വന്‍നിര പാറശ്ശാലയില്‍ എത്തിയിരുന്നു.

യാത്ര 'കേരള മാതൃക' രാജ്യമാകെപടര്‍ത്താന്‍ -രാഹുല്‍

ഭിന്നിപ്പിക്കാതെയും വിദ്വേഷം പടര്‍ത്താതെയും ജീവിക്കുന്ന കേരളീയമാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് യാത്രയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നേമത്തു സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ചുനില്‍ക്കുന്നതും മതസാഹോദര്യത്തോടെ ജീവിക്കുന്നതും കേരളത്തിലെ ജനങ്ങളുടെ സ്വാഭാവികരീതിയാണ്. ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമുണ്ട് കേരളത്തില്‍. ഏറ്റവും കരുണാര്‍ദ്രരായ നഴ്‌സുമാരുള്ള നാടാണ് കേരളം. മികച്ച വിദ്യാഭ്യാസസമ്പ്രദായവും മികച്ച നഴ്‌സുമാരും കേരളത്തിലുണ്ടെന്നു പറയുമ്പോള്‍ എന്തുകൊണ്ടാണിതെന്ന് ആരും ചോദിക്കുന്നില്ല. ഉത്തരം ലളിതമാണ്. കേരളം എല്ലാവരേയും പരസ്പരം ബഹുമാനിക്കുന്ന നാടായതുകൊണ്ടാണ്. -രാഹുല്‍ പറഞ്ഞു.

മലയാളമണ്ണിന്റെ നവോത്ഥാനനായകരെ ചേര്‍ത്തു പിടിച്ച് രാഹുല്‍

പി.കെ.മണികണ്ഠന്‍

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകരെ ഭാരത് ജോഡോ യാത്രയില്‍ ചേര്‍ത്തു പിടിച്ച് രാഹുല്‍ ഗാന്ധി. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പദയാത്ര ആരംഭിക്കുന്നതിനു മുമ്പ് വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലെത്തി രാഹുല്‍ പുഷ്പാര്‍ച്ചന നടത്തി. പദയാത്രാ ഷെഡ്യൂളില്‍ ഈ സന്ദര്‍ശനമുണ്ടായിരുന്നില്ല. എന്നാല്‍, അധഃസ്ഥിതര്‍ക്കു വേണ്ടി പട പൊരുതിയ അയ്യങ്കാളിയുടെ ഓര്‍മയ്ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. സ്മൃതികുടീരത്തിലെ പടിക്കെട്ടില്‍ തൊട്ടു വണങ്ങിയ ശേഷമായിരുന്നു പുഷ്പാര്‍ച്ചന. സാധുജന പരിപാലന സംഘം ജനറല്‍ സെക്രട്ടറി ജഗതി സുരേഷ്, ട്രഷറര്‍ രെഞ്ജുലാല്‍, സംസ്ഥാന കമ്മിറ്റിയംഗം ബിനു കുമാര്‍, വെങ്ങാനൂര്‍ കരയോഗം പ്രസിഡന്റ് കെ.എസ്.ചന്ദ്രലേഖ തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.

തുടര്‍ന്ന്, നെയ്യാറ്റിന്‍കരയില്‍ നിന്നു തുടങ്ങിയ യാത്ര നേമത്തു സമാപിക്കുമ്പോള്‍ അവിടെ നടന്ന പൊതുയോഗത്തില്‍ ശ്രീനാരായണ ഗുരുവിനെ സ്മരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 'ഭാരത് ജോഡോ' (ഭാരതത്തെ ഒന്നിപ്പിക്കുക) എന്ന സന്ദേശം വര്‍ഷങ്ങള്‍ക്കു മുമ്പു പകര്‍ന്ന ശ്രീനാരായണ ഗുരുവിന്റെ മണ്ണിലൂടെയാണ് താന്‍ കഴിഞ്ഞ ദിവസം കടന്നു വന്നതെന്ന് പരാമര്‍ശിച്ചു കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. അതിനാല്‍, ഈ യാത്രയില്‍ ഞാന്‍ ഉയര്‍ത്തുന്ന സന്ദേശം പുതുതല്ല. അതു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെയുള്ളതാണ്. കേരളത്തിന്റെ ജനിതകഘടനയിലുള്ളതാണ് ഈ സന്ദേശമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

താന്‍ കേരളത്തില്‍ നിന്നുള്ള എം.പി.യാണെന്ന് യാത്രയ്ക്കിടയില്‍ ഓര്‍മിപ്പിക്കുന്ന രാഹുല്‍ ഗാന്ധി, വാക്കുകളിലും സാന്നിധ്യത്തിലുമൊക്കെ മലയാളക്കരയുടെ ഹൃദയവികാരം തൊടുന്നതും ശ്രദ്ധേയമായി.

വഴിയോരങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ കാത്തുനിന്ന ആബാലവൃദ്ധം ജനങ്ങളോട് പുഞ്ചിരിച്ചും കൈവീശിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യഭിവാദ്യം. ഇടയ്ക്കു കുട്ടികളെ ചേര്‍ത്തു പിടിച്ചു. വീടിന്റെയും കടകളുടേയും ബാല്‍ക്കണികളില്‍ 'രാഗാ' എന്നു വിളിച്ചാര്‍ത്ത യുവാക്കളോട് ആകാശത്തേയ്ക്കുയര്‍ന്ന കൈകള്‍ ഹസ്തദാനമായി. മാധ്യമങ്ങള്‍ മാത്രമല്ല, കാഴ്ചക്കാരുടെയും പ്രവര്‍ത്തകരുടേതുമായി നൂറു കണക്കിനു മൊബൈല്‍ ക്യാമറകള്‍ ആ യാത്ര ഒപ്പിയെടുത്തു. ഒപ്പമുള്ളവരുടെ കണ്ഠനാദങ്ങളില്‍ ഈ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ദേശ് ബച്ചാനേ നികലേ ഹേ, ഹം നഹി രുക്നേ വാലേ ഹേ, ഹം സബ് ഗാന്ധി വാലേ ഹേ.. (രാജ്യത്തെ രക്ഷിക്കാനിറങ്ങിയവരാണ് ഞങ്ങള്‍, ഞങ്ങള്‍ നിര്‍ത്താന്‍ പോവുന്നില്ല, ഗാന്ധി അനുയായികളാണ് ഞങ്ങളെല്ലാം)

തളരാതെ, പുഞ്ചിരിച്ച്...

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാറശ്ശാലയില്‍ ലഭിച്ചത് ആഘോഷപൂര്‍വമായ വരവേല്‍പ്പ്. അവിടെനിന്ന് ബാന്‍ഡ് മേളം, പഞ്ചാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് യാത്ര നേമത്തേക്ക് എത്തിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പ്രാദേശിക നേതാക്കളുമുള്‍പ്പെടെ വന്‍ജനാവലിയാണ് പാറശ്ശാലയില്‍ പുലര്‍ച്ചെ എത്തിയത്. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പദയാത്രയില്‍ പങ്കുചേരാനെത്തിയിരുന്നു. ദേശീയ പതാകകള്‍ കൈയിലേന്തി രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച ഉടുപ്പുകള്‍ അണിഞ്ഞാണ് യുവപ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കാളികളായത്.

ഖദര്‍ ഷാളും പൊന്നാടയും അണിയിച്ചും പൂക്കുലകള്‍ നല്‍കിയുമാണ് വഴിയരികില്‍ കാത്തുനിന്ന ജനങ്ങളും നേതാക്കളും രാഹുല്‍ ഗാന്ധിയെ വരവേറ്റത്. പാറശ്ശാല ജങ്ഷനിലുള്ള കാമരാജ് പ്രതിമയിലും ഗാന്ധിപ്രതിമയിലും രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. പാറശ്ശാലയില്‍നിന്നു വേഗത്തില്‍ നടന്നുനീങ്ങിയ രാഹുല്‍ ഗാന്ധിയെയും മറ്റു പദയാത്രികരെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അനുഗമിച്ചു. റോഡിന്റെ ഇരുവശങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുമടക്കം ആയിരക്കണക്കിനുപേര്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചു.

അടുത്തെത്തിയവര്‍ക്കൊപ്പം ഫോട്ടോയും സെല്‍ഫിയും എടുത്താണ് യാത്ര തുടര്‍ന്നത്. രാവിലത്തെ യാത്ര സമാപിച്ചത് ചരിത്രപ്രാധാന്യമുള്ള ഊരൂട്ടുകാല മാധവീമന്ദിരത്തിലാണ്. മഹാത്മാ ഗാന്ധിയുടെ ശിഷ്യനായിരുന്ന സ്വാതന്ത്ര്യസമരസേനാനി ഡോ. ജി.രാമചന്ദ്രന്റെ വീടായ മാധവിമന്ദിരത്തില്‍, 1932-ല്‍ ഗാന്ധിജി ഒരുദിവസം തങ്ങിയിരുന്നു. ഇവിടെ കൈത്തറി, നെയ്ത്തുതൊഴിലാളികളുമായും വിദ്യാര്‍ഥികളുമായും രാഹുല്‍ ഗാന്ധി സംവദിച്ചു. മാധവിമന്ദിരത്തിലെ ഗാന്ധി മ്യൂസിയവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

നിറഞ്ഞ പുഞ്ചിരിയുമായി ജനങ്ങളെ അഭിവാദ്യം ചെയ്ത് തളരാതെയാണ് രാഹുല്‍ ഗാന്ധി ഞായറാഴ്ചത്തെ പദയാത്ര പൂര്‍ത്തിയാക്കിയത്.

Content Highlights: Rahul Gandhi Bharat Jodo Yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented