ചെണ്ടക്കോലുകള്‍ വാങ്ങി പെരുവനത്തിന്റെ അസുരവാദ്യത്തില്‍ താളമിട്ട് രാഹുല്‍; വൈകീട്ടും അതേ ഊര്‍ജം


പെരുവനത്തിന്റെ അസുരവാദ്യത്തിൽ താളമിടുന്ന രാഹുൽ, പെരുവനത്തെ പൊന്നാടയണിയിക്കാൻ ഒരുങ്ങുന്ന രാഹുൽ

അരൂര്‍: ഭാരത ഐക്യയാത്രയുടെ അരൂര്‍ മണ്ഡലത്തിലേക്കുള്ള കാല്‍വെപ്പ് പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറിക്ക് സമീപമായിരുന്നു. എന്നാല്‍ വരവേല്പ് തുറവൂര്‍ ക്ഷേത്രത്തിനു മുന്നിലും. ഇവിടെ പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ നൂറ് വാദ്യകലാകാരന്മാര്‍ കൊട്ടിക്കയറിയ പഞ്ചാരിമേളത്തിന് നടുവിലേക്കാണ് രാഹുല്‍ നടന്നുകയറിയത്.

കേരളീയത്തനിമയിലെ നിറപറയും നിലവിളക്കും താലപ്പൊലിയുമൊക്കെയുള്ള പശ്ചാത്തലത്തില്‍ കടന്നുവന്ന രാഹുല്‍ ചെണ്ടക്കോലുകള്‍ വാങ്ങി പെരുവനത്തിന്റെ തോളില്‍ തൂങ്ങിയ അസുരവാദ്യത്തില്‍ താളമിട്ടു. പിന്നീട് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പരസ്പരം കൈകൂപ്പി വണങ്ങി ഇരുവരും അഭിവാദ്യം ചെയ്തു. കാലങ്ങള്‍ക്കു മുന്‍പ് കുട്ടന്‍ മാരാരുടെ മേളം രാഹുലിന്റെ മാതാപിതാക്കളായ രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ആകര്‍ഷിച്ചിരുന്നു.

രാജീവിന്റെ ഭാരത് ബനാവോ, രാഹുലിന്റെ ഭാരത് ജോഡോ

അരൂര്‍: ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി അരൂരിലെത്തിയപ്പോള്‍ അത് ചരിത്രത്തിലും അടയാളമായി.

35 വര്‍ഷം മുന്‍പ് പിതാവ് രാജീവ് ഗാന്ധി പ്രസംഗിച്ച അതേ മണ്ണിലാണ് രാഹുലും എത്തിയത്. 1987-ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം അരൂര്‍ സെയ്ന്റ് അഗസ്റ്റിന്‍സ് സ്‌കൂളിനു സമീപം പ്രസംഗിച്ചിരുന്നു.

ഇതിന് തൊട്ടുചേര്‍ന്നാണ് സഞ്ചരിക്കുന്ന വേദിയില്‍ രാഹുലും പ്രസംഗിച്ചത്. അരൂര്‍ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജെ. ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടിയാണ് രാജീവ് ഗാന്ധി അന്ന് അരൂരില്‍ എത്തിയത്. ഭാരത് ബനാവോ എന്നാണ് അന്ന് രാജീവ് ഗാന്ധി ആഹ്വാനം ചെയ്തത്.

സംഘാടനത്തില്‍ മികവ് കാട്ടി അരൂര്‍

അരൂര്‍: നാലുനാള്‍ നീണ്ട ആലപ്പുഴയിലെ യാത്രയ്ക്ക് അരൂരില്‍ ശുഭപര്യവസാനം. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തുനിന്ന് ആരംഭിച്ച് 90 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തീരദേശം ഏറെയുള്ള ആലപ്പുഴ രാഹുലിനെ എറണാകുളത്തേക്ക് യാത്രയാക്കിയത്. വൈകീട്ട് ജില്ലാ അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ പതിനായിരങ്ങള്‍ അണിനിരന്നു.

മണ്ഡലത്തിലെ 183 ബൂത്തുകളില്‍നിന്നുള്ളവരും ഇടുക്കി ജില്ലയിലെ അഞ്ച് നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരും യാത്രയില്‍ അണിചേര്‍ന്നു. ഒപ്പം ലക്ഷദ്വീപില്‍നിന്നുള്ള സംഘവും അരൂരിലെത്തി. അരൂരിലെ യാത്ര സംഘടിപ്പിച്ചതിനു പിന്നില്‍ പദയാത്ര നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. പദ്മനാഭന്‍ നായര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ടി.ജി. രഘുനാഥ പിള്ള, കണ്‍വീനര്‍മാരായ ദിലീപ് കണ്ണാടന്‍, പി. മുഹമ്മദ് നസീര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. രാജേഷ്, കണ്‍വീനര്‍ ടി.പി. സെയ്ഫുദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെ പ്രവര്‍ത്തനമുണ്ട്.

താമസം പ്രത്യേക കണ്ടെയ്നറുകളില്‍

അരൂര്‍: ഭാരത ഐക്യയാത്രയില്‍ പങ്കെടുക്കുന്ന 230 പേര്‍ താമസിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളില്‍. ജാഥ നയിക്കുന്ന രാഹുല്‍ ഗാന്ധി എം.പി. ഒന്നാം നമ്പര്‍ കണ്ടെയ്നറിലാണ് താമസം. യെല്ലോ സോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഇതില്‍ ഇദ്ദേഹം മാത്രമാണ് താമസിക്കുക. എ.സി., അലമാര, സോഫ, പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഇതിലുണ്ട്. രണ്ടുപേര്‍ക്ക് കിടക്കാനുള്ള സൗകര്യമുള്ള കണ്ടെയ്നറിന് ബ്ലൂ സോണ്‍ എന്നാണ് പേര്. ഇതിലും പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യം ഉണ്ട്. മുതിര്‍ന്ന നേതാക്കളാണ് ഇതില്‍ താമസിക്കുക. വനിതകള്‍ താമസിക്കുന്ന പിങ്ക് സോണ്‍ എന്ന പേരിലെ കണ്ടെയ്നറുകളില്‍ നാലുപേര്‍ക്ക് താമസിക്കാം. ഇതിനുപുറമെ 4, 6, 8, 12 കിടക്ക സൗകര്യങ്ങളുള്ള കണ്ടെയ്നറുകളുമുണ്ട്. സുരക്ഷാ ജീവനക്കാര്‍, മെഡിക്കല്‍ ടീം തുടങ്ങിയവരും കണ്ടെയ്നറിലാണ് താമസം. ആകെ അറുപതോളം കണ്ടെയ്നറുകള്‍ ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഡൈനിങ് ഹാള്‍ മാത്രമുള്ള കണ്ടെയ്നറുമുണ്ട്.

കൊച്ചിയുടെ അതിരില്‍ തൊട്ട് രാഹുല്‍

കൊച്ചി: ''രാവിലെ നടന്നു തുടങ്ങുമ്പോള്‍ നമ്മള്‍ കരുതും വൈകീട്ടാകുമ്പോഴേക്കും ക്ഷീണിക്കുമെന്ന്. പക്ഷേ, എനിക്ക് വൈകീട്ടും രാവിലത്തെ അതേ ഊര്‍ജമുണ്ട്. കാരണം വഴിനീളെ സ്‌നേഹവുമായി കാത്തുനില്‍ക്കുന്നവരുടെ മനസ്സുകളാണ്....'' എറണാകുളത്തിന്റെ അതിര് കടക്കുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ പറഞ്ഞവസാനിപ്പിച്ചതിങ്ങനെ. അരൂര്‍ ജങ്ഷനില്‍ ആലപ്പുഴ ജില്ലയിലെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇതു പറഞ്ഞവസാനിപ്പിച്ച് ചൊവ്വാഴ്ച രാത്രി 07.07-ന് എറണാകുളത്തിന്റെ അതിരായ കുമ്പളം-അരൂര്‍ പാലം കടന്നു യാത്രാ നായകനായ രാഹുല്‍. കുമ്പളം കുഫോസ് കാമ്പസിലാണ് യാത്രാ സംഘത്തിന്റെ ചൊവ്വാഴ്ച രാത്രിയിലെ താമസം. ജില്ലയിലെ യാത്രയ്ക്ക് ബുധനാഴ്ച രാവിലെ തുടക്കമാകും.

അരൂര്‍ ജങ്ഷനില്‍ എറണാകുളം ജില്ലയിലേക്ക് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യാന്‍ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ഹൈബി ഈഡന്‍ എം.പി.യുടെയും നേതൃത്വത്തിലുള്ള സംഘം കാത്തുനിന്നിരുന്നു. ആലപ്പുഴ ജില്ലയുടെ സമാപന ചടങ്ങിനു ശേഷം മുഹമ്മദ് ഷിയാസ് രാഹുലിനെ ഷാള്‍ അണിയിച്ച് എറണാകുളം ജില്ലയിലേക്ക് സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി. ധനപാലന്‍, റോജി എം. ജോണ്‍ എം.എല്‍.എ. എന്നിവരും ഒപ്പമുണ്ടായിരുന്നു.

കുഫോസില്‍ അറുപതോളം കണ്ടെയ്നറുകളിലായാണ് ഭാരത് ജോഡോ യാത്രാസംഘം താമസിക്കുന്നത്. കാമ്പസിലെ വിദ്യാര്‍ഥികളടക്കം രാഹുലിനെ കാണാന്‍ രാത്രിയിലും കാത്തുനിന്നിരുന്നു.

Content Highlights: rahul gandhi bharat jod yatra at alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented