തിരുവനന്തപുരം: കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ഗാന്ധി പൂന്തുറയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച നഷ്ടം ഇല്ലാതാക്കാനാവില്ല. പക്ഷേ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടാകും. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും. ദുരന്തങ്ങളില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ 'പടയൊരുക്കം' ജാഥയുടെ സമാപനസമ്മേളനത്തിന്റെ ഭാഗമായാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്.

പൂന്തുറ, വിഴിഞ്ഞം, കന്യാകുമാരി മേഖലയിലെ സന്ദര്‍ശനത്തിനുശേഷം 3.40-ന് തൈക്കാട് പോലീസ് മൈതാനത്ത് നടക്കുന്ന ബേബി ജോണ്‍ ജന്മശതാബ്ദി സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. വൈകീട്ട് 5.30-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പടയൊരുക്കം സമാപനസമ്മേളനം. രാത്രി എട്ടിന് ഡല്‍ഹിക്ക് മടങ്ങും.