തിരുവനന്തപുരം: തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ പ്രേരിതവും ഫെമിനിസ്റ്റ് ഗൂഢാലോചനയുമാണെന്ന് രാഹുല്‍ ഈശ്വര്‍. മീ ടൂ പ്രചാരണത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ മീ ടൂ പ്രചാരണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് തന്റെ ഭാര്യയും അമ്മയും മുത്തശ്ശിയും വാര്‍ത്താ സമ്മേളനം നടത്തി മറുപടി പറയുമെന്നും രാഹുല്‍ വ്യക്തമാക്കി.

ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ്. സിനിമാ താരം ജിതേന്ദ്രയ്‌ക്കെതിരെ 47 വര്‍ഷം മുന്‍പ് ചൂഷണം ചെയ്തു എന്ന പരാതിയാണ് ഉയര്‍ന്നത്. തനിക്കെതിരായ ആരോപണം 15 വര്‍ഷം മുന്‍പ് അങ്ങനൊരു കാര്യം നടന്നു എന്നതാണ്. വര്‍ഷം ഏതാണെന്ന് പോലും അവര്‍ക്ക് ഉറപ്പില്ല. എങ്ങനെയാണ് ഇത് ഇല്ലെന്ന് തെളിയിക്കുക. 

നാളെ നമ്മുടെ വീട്ടിലെ മകനോ അച്ഛനോ സഹോദരങ്ങള്‍ക്കോ ഒക്കെ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കാം. ഇക്കാര്യം അമ്മമാരും സഹോദരിമാരും ചിന്തിക്കണം. ആശയപരമായി എതിര്‍പക്ഷത്ത് ഉള്ളവരെ കുടുക്കാന്‍ മീ ടൂ ഉപയോഗിക്കരുത്. അതൊകൊണ്ട് മീ ടൂ ആരോപണത്തെ പൂര്‍ണമായും തള്ളിക്കളയുന്നെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ ആയിരുന്നു രാഹുലിന്റെ പ്രതികരണം.