തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളെ വിമര്‍ശിച്ച്‌ രാഹുല്‍ ഈശ്വര്‍.

വിവാഹം ജീവിതത്തിലെ സ്വകാര്യവും മംഗളകരവുമായ മുഹൂര്‍ത്തമാണെന്നും കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്‌കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസമാകരുതെന്നും രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ്. കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്‌കാരമല്ല.റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ...

ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയന്റെ മകള്‍, ഐടി വിദഗ്ദ്ധ ആയ വീണ എന്നിവര്‍ക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ചില ആള്‍കാര്‍ വാട്‌സ്ആപ്പ്, ഫേസ്ബുകില്‍ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോള്‍ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.

Content Highlights: Rahul Easwar's Facebok post about Veena and Muhammed Riyas Marriage