തെരുവുനായകളോ കീരികളോ? പശുക്കള്‍ക്ക് പേ ബാധിക്കുന്ന വഴിയേത്


രണ്‍ജിത്ത് ചാത്തോത്ത്

പ്രതീകാത്മക ചിത്രം | Mathrubhumi archives

കണ്ണൂര്‍: നാട്ടുവര്‍ത്തമാനങ്ങളില്‍ നിറയുന്നത് തെരുവുനായകളുടെ ആക്രമണമാണ്. പേവിഷബാധയാണ്. ഇതിനിടയിലാണ് കണ്ണൂരില്‍ ഒരാഴ്ചയ്ക്കകം മൂന്ന് പശു പേബാധിച്ച് ചത്തത്. തൃശ്ശൂരിലും പശുവിന് പേവന്നിരുന്നു. പശുക്കള്‍ക്ക് റാബീസ് പിടിപെട്ടത് തെരുവുനായകളുടെ കടിയേറ്റതുകൊണ്ടാണെന്ന് ഉറപ്പിച്ചുപറയാനാകില്ല. ചാലയിലെയും ചിറ്റാരിപ്പറമ്പിലെയും പശുക്കള്‍ വീട്ടിനടുത്ത് ആലയില്‍തന്നെ കെട്ടിയിട്ടുവളര്‍ത്തുന്നതായിരുന്നു. ഒരു പശുവിന് മുഖത്ത് പോറലേറ്റ പാടുണ്ടായിരുന്നു. ഈ പശുക്കള്‍ക്ക് തെരുവുനായയുടെ കടിയേല്‍ക്കാനുള്ള സാധ്യത പൊതുവേ കുറവാണ്. എന്നാല്‍ നഗരത്തില്‍ ഞായറാഴ്ച പേയിളകി ഓടിയ പശുവിന് നായകടിച്ചതുപോലുള്ള ഒരു മുറിവുണ്ട്. അലഞ്ഞുനടക്കുന്ന പശുവായതിനാല്‍ നായ കടിക്കാന്‍ സാധ്യതയുമുണ്ട്.

നായകളില്‍നിന്നോ പൂച്ചകളില്‍നിന്നോ മാത്രമല്ല പശുക്കള്‍ക്കും മറ്റും കടിയും മാന്തലുമേല്‍ക്കുന്നത്. കുറുനരികളില്‍നിന്നോ കീരികളില്‍നിന്നോ ആകാം. പശുക്കള്‍ക്ക് പേബാധിച്ചതിന് കീരിയെയും സംശയിക്കാവുന്നതാണ്. കീരികള്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ വ്യാപകവുമാണ്.

'പേവിഷബാധയുള്ള മൃഗത്തിന്റെ പല്ലുകൊണ്ടുള്ള പോറലേറ്റാലും പശുക്കള്‍ക്ക് പേവിഷബാധയേല്‍ക്കാം. വളര്‍ത്തുമൃഗങ്ങളുടെ രോമകൂപങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ചെറുമുറിവും പോറലും കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടണമെന്നില്ല. എന്നാല്‍ റാബീസ് വൈറസ് പെരുകാന്‍ അത്തരം മുറിവ് മതി. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റ് പശുക്കളിലും ആടുകളിലും രോഗം പ്രകടമാകാന്‍ രണ്ടുമുതല്‍ 12 വരെ ആഴ്ചയെടുക്കും. അപ്പോഴേക്കും മുറിവ് തിരിച്ചറിയാന്‍ കഴിയാത്തവിധം ഉണങ്ങിയിട്ടുണ്ടാകും' - കാഞ്ഞങ്ങാട് വെറ്ററിനറി ആസ്പത്രിയിലെ ഡോ. എം. മുഹമ്മദ് ആസിഫ് പറയുന്നു.

നായകളും പൂച്ചകളും റാബീസ് വൈറസിന്റെ നിത്യവാഹകരല്ല. വൈറസ് അവയുടെ ശരീരത്തിലെത്തി ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് പരമാവധി അഞ്ചുദിവസത്തിന് മുന്‍പ് മാത്രമാണ് ഉമിനീരില്‍ വൈറസ് ഉണ്ടാകുക. ലക്ഷണങ്ങള്‍ പ്രകടമായി അഞ്ച്-ഏഴ് ദിവസത്തിനകം മരണവും സംഭവിക്കും. പേപിടിച്ച നായ മറ്റൊരു ജീവിയെ കടിച്ചില്ലെങ്കില്‍ അതിന്റെ മരണത്തോടെ വൈറസിന്റെ വ്യാപനചക്രവും നിലയ്ക്കും.

കീരികളെ റാബീസ് വൈറസിന്റെ സംഭരണികളായി കണക്കാക്കാമെന്ന് ഡോ. മുഹമ്മദ് ആസിഫ് പറയുന്നു. വവ്വാലുകള്‍, റാക്കൂണുകള്‍, സ്‌കങ്കുകള്‍, കീരികള്‍ എന്നിവ. ഇതില്‍ കീരികള്‍ മാത്രമാണ് നമ്മുടെ നാട്ടില്‍ സംശയിക്കാവുന്നത്. നാടന്‍ കീരികളില്‍ റാബീസ് വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് ഗൗരവമായ പഠനങ്ങള്‍ നടക്കേണ്ടതുമുണ്ട്.

Content Highlights: Rabies cow stray dogs Mongoose


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented