ചാലക്കുടി: മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. കൂടുതല്‍ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായതിന്റെ പേരില്‍ കേസെടുക്കേണ്ടതില്ലെന്നും അന്വേഷണം നടത്തിയശേഷമേ അടുത്ത നടപടികളുണ്ടാവുകയുള്ളൂവെന്നും ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്‌കുമാര്‍, എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് എന്നിവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെടുത്തി ആരുടെയും പേര് രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടില്ല.

കറുകുറ്റിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രാമകൃഷ്ണന്‍ അപകടനില തരണംചെയ്‌തെങ്കിലും കൂടുതല്‍ സംസാരിക്കാവുന്ന അവസ്ഥയിലല്ല. ശനിയാഴ്ച വൈകീട്ട് 7.30-ഓടെയാണ് ആര്‍.എല്‍.വി. രാമകൃഷ്ണനെ വീടിനടുത്തുള്ള കലാഗൃഹത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവിടെയാണ് രാമകൃഷ്ണന്‍ വിദ്യാര്‍ഥികളെ നൃത്തം അഭ്യസിപ്പിക്കുന്നത്. ചിലപ്പോഴിവിടെ താമസിക്കാറുമുണ്ട്.

കുടുംബസുഹൃത്തുക്കളിലൊരാളായ സതീഷ്ബാബു രാമകൃഷ്ണനെ കാണാനെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടത്. മുഖത്ത് വെള്ളം തളിച്ചപ്പോഴും എഴുന്നേറ്റില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ച് രാമകൃഷ്ണനെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സംഭവം അറിഞ്ഞ് പോലീസും എത്തിയിരുന്നു.

Content Highlight: RLV Ramakrishnan suicide attempt