മലപ്പുറം: സി.പി.എം-ബി.ജെ.പി ഡീല്‍ സംബന്ധിച്ച ആര്‍.എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം അവരുടെ സംഘടനയ്ക്കകത്തെ പ്രശ്‌നമാണെന്നും അത് സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ ഇടയിലുള്ള പ്രശ്‌നമാണ് സ്വാഭാവികമായും അതിലുള്ളത്. അദ്ദേഹത്തിന് സീറ്റ് വേണ്ടിയിരുന്നോ, അദ്ദേഹം സീറ്റിന് ശ്രമിച്ചിരുന്നോ അതോ അദ്ദേഹം പറയുന്നത് പോലെ നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞിട്ട് കൊടുക്കാതിരുന്നതാണോ അതോ ഇവിടുത്തെ കാര്യങ്ങള്‍ ഇവിടെയാണോ തീരുമാനിക്കുന്നത് എന്നൊക്കെയുള്ളത് അവരുടെ പ്രശ്‌നമാണ്. അതിനെക്കുറിച്ച് ഒന്നും പറയാനാല്ല- പിണറായി പറഞ്ഞു.മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യു.ഡിഎഫാണോ ബാലശങ്കറിന്റെ ആരോപണത്തിന് പിന്നിലെന്ന ചോദ്യത്തിന് യുഡിഎഫ് അത്രത്തോളം വളര്‍ന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.ഡി.എഫ് ഈ കാലങ്ങളിലെല്ലാം ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയാണ്. 35 സീറ്റ് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിനെ കണ്ടു കൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിലൊക്കെ കാണുന്നതല്ലേ, ഇതാണ് കോണ്‍ഗ്രസിന്റെ നില എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി കോണ്‍ഗ്രസുമായി ധാരണയിലായി ചില സീറ്റുകളൊക്കെ നേടാനുള്ള ശ്രമമാണ്. ഇതൊക്കെ അതിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമലയില്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടുത്തെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ട്.  അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമലയെക്കുറിച്ച് വലിയ താല്‍പര്യം ചിലര്‍ക്ക് വന്നിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അതിന്റെ ഭാഗമായി കണ്ടാൽ മതി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്തും ഈ വിഷയം ഉണ്ടായിരുന്നു. അത് ഏശിയോ എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയാണ് നിലപാട് എടുത്തത്. സുപ്രീം കോടതി തന്നെ പിന്നീട് ചില ഇളവുകള്‍ വരുത്തി. ഇപ്പോള്‍ അവസാന വിധിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഇനി പ്രശ്‌നം വരിക അവസാന വിധി വരുമ്പോളാണ്. അപ്പോള്‍ വിശ്വാസികള്‍ക്ക് പ്രത്യേക അഭിപ്രായങ്ങൾ ഉണ്ടായാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം എടുക്കുക. അത് മുമ്പും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതുവരെ ശബരിമല ഇങ്ങനെ തന്നെ നടക്കും. -മുഖ്യമന്ത്രി വ്യക്തമാക്കി.