തിരുവനന്തപുരം: തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് രാഷ്ട്രീയക്കാരനല്ലെന്ന് ഉമ്മന്‍ ചാണ്ടി. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ആര്‍ ബാലകൃഷ്ണപിള്ളയല്ലെന്നും ബാലകൃഷ്ണപിള്ളയാണെന്ന ആരോപണം താന്‍ പൂർണ്ണമായും നിഷേധിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാളുടെ ബ്ലാക്ക് മെയിലിംഗില്‍ വീണു പോയെന്ന് ഇന്നലെ കെ പി സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. 

ഇന്ന് ചില മാധ്യമങ്ങളില്‍ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ വാസ്തമില്ല. ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയല്ല. ആ വ്യക്തിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയം തുറന്നുപറയാന്‍ കോണ്‍ഗ്രസിനും യു ഡി എഫിനും സാധിക്കും. പടയൊരുക്കം തിരുവനന്തപുരത്ത് എത്തുമ്പോള്‍ യു ഡി എഫ് ശക്തിപ്പെടും.

യു ഡി എഫിന്റെ മാത്രമല്ല ജനങ്ങളുടെ യാത്രയാണ് പടയൊരുക്കം. ഒരു കത്തിനെ ആശ്രയിച്ചാണ് സോളാര്‍ കേസില്‍ ആരോപണമുയര്‍ന്നിട്ടുള്ളത്. ആ കത്തിന്റെ വിശ്വാസ്യത കമ്മീഷന്‍ പോലും പരിശോധിച്ചിട്ടില്ല.

മുന്‍വിധിയോടെയും തൊട്ടും തൊടാതെയുമുള്ള ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കിയത്. വിഷയത്തെ കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായിനിന്ന് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: solar scam, oommen chandy, black mailing, r balakrishnapilla