കൊല്ലം: നായര്‍ സര്‍വീസ് സൊസൈറ്റിയോടുളള ആര്‍.ബാലകൃഷ്ണപ്പിളളയുടെ ബന്ധം രാഷ്ട്രീയത്തിന് അതീതമായിരുന്നു. സാമുദായികാചാര്യന്‍ മന്നത്ത് പത്മനാഭനൊപ്പം പൊതുപ്രവർത്തന രംഗത്തെത്തിയ ബാലകൃഷ്ണുപിള്ളയുടെ എന്‍എസ്എസിനോടുളള കൂറ് അചഞ്ചലമായിരുന്നു. 

24-ാം വയസ്സിലാണ് ആര്‍.ബാലകൃഷ്ണപ്പിളള എന്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. രാഷ്ട്രീയമേതായാലും എന്‍എസ്എസിനോടുളള അദ്ദേഹത്തിന്റെ കൂറ് അനിര്‍വചനീയമായിരുന്നു. സ്വന്തം പാര്‍ട്ടിയേക്കാള്‍ അദ്ദേഹം എന്‍എസ്എസിനെ സ്‌നേഹിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. 

കരയോഗ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ബാലകൃഷ്ണപ്പിളളയോട് നിര്‍ദേശിച്ചത് മന്നത്ത് പത്മനാഭനാണ്. 1964-ല്‍ മന്നം തുടങ്ങിവെച്ച കേരളകോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറിയായി ബാലകൃഷ്ണപ്പിളളയെ നിയോഗിച്ചതും എന്‍.എസ്.എസ് തന്നെ. എന്‍.എസ്.എസ്. നേൃതൃത്വത്തോട് ഇണങ്ങിയും പിണങ്ങിയും പ്രവര്‍ത്തിച്ചിട്ടുളള പിളള മന്നം ജയന്തി നാള്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തുന്നത് പതിവായിരുന്നു.

ആറരപതിറ്റാണ്ട് നീണ്ട സാമുദായിക പ്രവര്‍ത്തനം കൂടി അവസാനിപ്പിച്ചാണ് ബാലകൃഷ്ണപ്പിളള വിടവാങ്ങിയത്.