രാഷ്ട്രീയവിശ്വാസം എന്തായാലും എന്‍.എസ്.എസിനോടുള്ള ബാലകൃഷ്ണപിള്ളയുടെ കൂറ് അചഞ്ചലമായിരുന്നു. സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനോടൊപ്പം 24-ാം വയസ്സില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ പിള്ള ആദ്യകാലത്തുതന്നെ പത്തനാപുരം യൂണിയന്‍ പ്രസിഡന്റായും എന്‍.എസ്.എസ്. നായകസഭാംഗമായും തിരഞ്ഞടുക്കപ്പെട്ടിരുന്നു. മരിക്കുംവരെ പത്തനാപുരം യൂണിയന്‍ പ്രസിഡന്റുസ്ഥാനം അദ്ദേഹം നിലനിര്‍ത്തി.

എന്‍.എസ്.എസ്. നേതൃത്വത്തോട് ഇണങ്ങിയും പിണങ്ങിയുമെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള പിള്ള എന്തുപ്രശ്നമുണ്ടായാലും മന്നംജയന്തിനാള്‍ പെരുന്നയിലുണ്ടാകും, സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍. നേതൃത്വവുമായി സൗഹാര്‍ദത്തിലായിരുന്നകാലത്ത് നേതാക്കള്‍ക്കൊപ്പം കുശലപ്രശ്നങ്ങളുമായി സജീവ നടത്തിപ്പുകാര്‍ക്കിടയില്‍കാണും പിള്ള. ഇടഞ്ഞുനിന്ന സമയത്ത് പുഷ്പാര്‍ച്ചന നടത്തി അപ്പോഴേ സ്ഥലംവിടുകയും ചെയ്യുമായിരുന്നു. കെ.എസ്.വൈ.എഫ്. പ്രവര്‍ത്തകനായിരുന്ന സമയത്ത് സമുദായനേതൃത്വം ആവശ്യപ്പെട്ടപ്രകാരമാണ് പിള്ള കരയോഗപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. ആറുമാസത്തിനുള്ളില്‍ നായകസഭാംഗവുമായി. മന്നം ഏറെ വിശ്വാസമര്‍പ്പിച്ച ചെറുപ്പക്കാരില്‍ പ്രമുഖനായിരുന്നു പിള്ള. 1964-ല്‍ മന്നം നാമകരണംചെയ്ത് രൂപവത്കരിച്ച കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി ബാലകൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടതും മന്നത്തിന് അദ്ദേഹത്തിലുണ്ടായിരുന്ന പ്രതീക്ഷയ്ക്ക് ഉദാഹരണമാണ്.

'67-ല്‍ വീണ്ടും കോണ്‍ഗ്രസില്‍ ലയിക്കാന്‍ മന്നം നിര്‍ദേശിച്ചത് കൂട്ടാക്കാഞ്ഞപ്പോള്‍ അദ്ദേഹത്തിനുപിള്ളയോട്്് ഈര്‍ഷ്യയുണ്ടായിരുന്നു. പക്ഷേ, സമുദായപ്രവര്‍ത്തനത്തില്‍ പിള്ളയെ ഒപ്പംകൂട്ടിത്തന്നെയായിരുന്നു ആചാര്യന്‍ മുന്നോട്ടുപോയത്. 'മന്നത്ത് പദ്മനാഭനോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയിട്ടുള്ള ആഹ്ലാദവും അഭിമാനവും സംതൃപ്തിയും പിന്നീടൊരിക്കലും കിട്ടിയിട്ടില്ല. ഈശ്വരവിശ്വാസം, ചങ്കൂറ്റം, കാര്യപ്രാപ്തി, സഹായമനഃസ്ഥിതി ഇത്രയും കാര്യങ്ങള്‍ ഞാന്‍ മന്നത്തില്‍നിന്നാണ് പഠിച്ചത്'- പിള്ള ഒരിക്കല്‍ എഴുതി.