ന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയുടെ യാത്ര. സ്വേച്ഛാധിപതിയായ ഭരണാധികാരിയെപ്പോലെ ആഢ്യത്വം അടിയറവെക്കാതെ പലപ്പോഴും ഐക്യമുന്നണിയല്‍നിന്ന് വഴിപിരിയേണ്ടിവന്ന അദ്ദേഹം 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലനില്‍പ്പിനായി പല കളങ്ങളും മാറിച്ചവിട്ടുകയും കരുനീക്കം നടത്തുകയും ചെയ്തു. ഒടുവില്‍ പഴയ ലാവണത്തിലേക്ക് മടങ്ങേണ്ടിവന്നത് രാഷ്ട്രീയ എതിരാളികള്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കി. എങ്കിലും ജീവിതാന്ത്യത്തില്‍ ഇടതുപാളയത്തിലേക്ക് പിള്ളയ്ക്ക് ചേക്കേറേണ്ടിവന്നു.

1982-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായ പിള്ളയ്ക്ക് , പഞ്ചാബ് മോഡല്‍ പ്രസംഗത്തെത്തുടര്‍ന്ന് 1985 ജൂണ്‍ അഞ്ചിന് രാജിവെക്കേണ്ടിവന്നു. '87-ല്‍ കേരള കോണ്‍ഗ്രസ്-ജെ.യ്ക്ക് ഒപ്പംനിന്ന് മത്സരിച്ചുജയിച്ച പിള്ള '89-ല്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചതോടെ കൂറുമാറ്റനിരോധന നിയമപ്രകാരം സഭയ്ക്ക് പുറത്തുപോയി. ഇതിനിടയില്‍ ഗ്രാഫൈറ്റ് കേസും ഇടമലയാര്‍ കേസും പിള്ളയെ വിവാദനായകനാക്കി. 2001-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ മന്ത്രിപദം കിട്ടാഞ്ഞതുമുതല്‍ യു.ഡി.എഫുമായി സ്വരച്ചേര്‍ച്ചയിലല്ലാതിരുന്ന പിള്ള 2005 ആദ്യം യു.ഡി.എഫ്. വിട്ടു. ഇതിനിടയില്‍ കൊടിക്കുന്നില്‍ സുരേഷുമായുണ്ടായ അഭിപ്രായവ്യത്യാസം യു.ഡി.എഫ്. വിടുന്നതിന് ആക്കംകൂട്ടി.

എല്‍.ഡി.എഫ്. പാളയത്തിലേക്ക് ചേക്കേറാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പിള്ള യു.ഡി.എഫില്‍ മടങ്ങിയെത്തി.

യു.ഡി.എഫിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ പിള്ളയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമായിരുന്നു രണ്ടായിരമാണ്ടിന്റെ ആദ്യം. എന്നാല്‍, തുടര്‍ന്നുള്ള കാലഘട്ടം യു.ഡി.എഫി.ല്‍ ശക്തനായ നേതാവാകാന്‍ പിള്ളയ്ക്കായില്ല. മകന്റെ മന്ത്രിപദവും വിവാദങ്ങളും പിള്ളയിലെ രാഷ്ട്രീയക്കാരന്റെ മൂല്യമിടിച്ചു. 2018-ല്‍ പിള്ള ഇടതുമുന്നണിയുടെ ഭാഗമായതോടെ രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്ന ചൊല്ല് അന്വര്‍ഥമാക്കി.