''ജീവിതം ധന്യമായി... നൂറല്ല, ആയിരം മടങ്ങ്...''-എന്നും തന്നോടൊപ്പംനിന്നിട്ടുള്ള കൊട്ടാരക്കരയുടെ പുരോഗതിയില്‍ മനംകുളിര്‍ത്ത് പിള്ള ഒരുനാള്‍ പറഞ്ഞപ്പോള്‍ അതില്‍ അദ്ഭുതത്തിന്റെ കണികകളില്ല. കൊട്ടാരക്കരയുടെ അഭിവൃദ്ധിയില്‍ അദ്ദേഹം വളരെയധികം സന്തോഷിച്ചിരുന്നു.

''വികസനത്തിന്റെ മൂര്‍ധന്യാവസ്ഥ -റോഡ്, റെയില്‍വേ, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം എല്ലാത്തിലും... പ്രതീക്ഷിച്ചതിലും ഒരുപാട്... ഒരുപാട്...'' താന്‍ നടത്തിയ വികസനങ്ങള്‍ വിളിച്ചുപറഞ്ഞുനടക്കേണ്ടതില്ലെന്ന പ്രകൃതക്കാരനായിരുന്നു പിള്ള. ''അത് ജനങ്ങള്‍ക്ക് മനസ്സിലായിക്കൊള്ളും... ഞാന്‍ വരുന്നതിനുമുമ്പുള്ള കൊട്ടാരക്കര എന്തായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.''

പഞ്ചായത്തെന്നനിലയില്‍ വികസനത്തിന്റെ പാരമ്യത്തില്‍ എത്തിയപ്പോഴും കൊട്ടാരക്കരയെ മുനിസിപ്പാലിറ്റിയാക്കുന്നതിനോട് പിള്ളയ്ക്ക് എതിര്‍പ്പായിരുന്നു.

'കരവും ടെലിഫോണ്‍ ചാര്‍ജും ഉയര്‍ത്തി കൊട്ടാരക്കരയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ താനില്ലെ'ന്നായിരുന്നു ഇതിനുള്ള മറുപടി. കേരളത്തിലെ ഏറ്റവും വലിയ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലൊന്നും വൈദ്യുതിഭവനും കൊട്ടാരക്കരയിലെത്തിയത് പിള്ള മന്ത്രിയായിരുന്നപ്പോള്‍ത്തന്നെ. കേരളത്തിലെവിടേക്കുപോകാനും കൊട്ടാരക്കരയില്‍നിന്ന് ബസ് കിട്ടുമെന്നത് രാഷ്ട്രീയ എതിരാളികളില്‍പ്പോലും അസൂയ ഉണര്‍ത്തിയിരുന്നു.

''കൊട്ടാരക്കരയെ ഞാനെന്റെ മക്കളെക്കാള്‍ സ്നേഹിച്ചു. കൊട്ടാരക്കരക്കാര്‍ എന്നെയും. വ്യക്തിപരമായി ഞാന്‍ ആരെയും ചതിച്ചിട്ടില്ല. എനിക്കെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ കളവാണ്. ഇതൊന്നും ഇവിടുത്തെ നാട്ടുകാര്‍ വിശ്വസിച്ചിട്ടില്ല'' -പിള്ള ഒരിക്കല്‍ മനസ്സുതുറന്നപ്പോള്‍ തന്റെ നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നതിന്റെ ആഴം വ്യക്തമായി. കൊട്ടാരക്കരക്കാര്‍ക്ക് രാജശില്പിയും രാജാവുമായിരുന്നു പിള്ള.