ആർ. ബാലകൃഷ്ണ പിളള
ഗാംഭീര്യവും തലയെടുപ്പുമുള്ള ഒരു ഒറ്റയാനെപ്പോലെ, സൂത്രശാലിയായ ഒരു ഭരണാധിപനെപ്പോലെ അധികാരത്തിന്റെ കുറുക്കുവഴികളില്‍ കാലിടറാതെ ഒരു കൊച്ചുഗ്രാമത്തെ വികസനവഴിയിലേക്ക് കൈത്തണ്ടയിലേന്തിയ കര്മധീരന്...ആര്. ബാലകൃഷ്ണപിള്ള എന്ന പിള്ളസാര്‍ ഓര്‍മയാകുമ്പോള്‍ നഷ്ടം കൊട്ടാരക്കരയ്ക്കുമാത്രമല്ല, കേരളരാഷ്ട്രീയത്തിനുതന്നെയാണ്...
കൊല്ലം ജില്ലയുടെ മധ്യഭാഗത്തായുള്ള വാളകം എന്ന ചെറുഗ്രാമത്തില്‍ വളര്‍ന്ന് മന്ത്രിപദം പലകുറി കൈയാളിയ പിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയായിരുന്നു. യു.ഡി.എഫിന്റെ സ്ഥാപകനേതാവും നെടുന്തൂണുമായിരുന്ന പിള്ള ജീവിതാന്ത്യത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാവേണ്ടിയും വന്നു.
അമ്പതുകളുടെ തുടക്കത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ പിള്ള 1958 വരെ വിദ്യാര്‍ഥി ഫെഡറേഷന് അംഗമായിരുന്നു. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 1958-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എ.ഐ.സി.സി. അംഗമെന്നനിലയിലും അദ്ദേഹം പ്രശസ്തിനേടി.
ആര്.ശങ്കര്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു പിള്ള. കേരള കോണ്‍ഗ്രസിന്റെ പിറവിവരെ ഈ സ്ഥാനം തുടര്‍ന്നു. 1960-ല്‍ ഇരുപത്തഞ്ചാം വയസ്സില്‍ രണ്ടാം കേരളനിയമസഭയില്‍ അംഗമായി. പത്തനാപുരം നിയോജകമണ്ഡലത്തില്നിന്നായിരുന്നു വിജയം. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ നിയമസഭാസാമാജികന്കൂടിയായിരുന്നു. അക്കാലത്ത് തനിക്ക് 25 വയസ്സുതന്നെ ഉണ്ടായിരുന്നില്ലെന്ന് പിള്ള പിന്നീട് പറഞ്ഞിട്ടുണ്ട്. കാരണവന്മാര് ഒരുവയസ്സ് കൂടുതല്വെച്ച് സ്കൂളില്‍ ചേര്‍ത്തതിനാല്‍ രേഖകളിലെ വയസ്സായിരുന്നത്രെ 25.
1964-ല്‍ കേരള കോണ്‍ഗ്രസ് പിറവിയെടുക്കുമ്പോള്‍ കെ.എം. ജോര്‍ജ് ചെയര്‍മാനായ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു പിള്ള. 1965-ല്‍ കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍നിന്ന് കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. മുന്‍മന്ത്രിയും സി. പി.ഐ. നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരന് നായരായിരുന്നു എതിരാളി. 1967, '70 വര്ഷങ്ങളില്നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇ.ചന്ദ്രശേഖരന് നായരോടും കോണ്‍ഗ്രസിന്റെ കൊട്ടറ ഗോപാലകൃഷ്ണനോടും പിള്ള പരാജയപ്പെട്ടു. 1977 മുതല്‍നടന്ന ഏഴുതിരഞ്ഞെടുപ്പില് കൊട്ടാരക്കര നിയോജകമണ്ഡലത്തെ പ്രതിനിധാനംചെയ്തു. വിജയിച്ച സമയമൊക്കെ മന്ത്രിപദവും പിള്ളയെ തേടിയെത്തി. സംസ്ഥാനമന്ത്രിസഭയില്‍ ഗതാഗതം, വൈദ്യുതി, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യംചെയ്തിട്ടുണ്ട്. ഇതിനിടെ 1971-'77 കാലഘട്ടത്തില്‍ മാവേലിക്കര മണ്ഡലത്തില്‍നിന്ന് വിജയിച്ച് പിള്ള ലോക്സഭയിലും എത്തി. 1970-ലെ അച്യുതമേനോന് മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസും പങ്കാളിയായതോടെ 75-ല്‍ പിള്ളയും നിയമസഭയില്‍ എത്തി. 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ് നടന്നില്ല. നിയമസഭയുടെ കാലാവധി നീട്ടുകയും ചെയ്തു. അങ്ങനെ ഒരേസമയം നിയമസഭയെയും ലോക്സഭയെയും പ്രതിനിധാനംചെയ്യുകയെന്ന അപൂര്‍വതയും പിള്ളയെ തേടിയെത്തി.
2006-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ പിള്ളയ്ക്ക് വീണ്ടും പരാജയം രുചിക്കേണ്ടിവന്നു. സി.പി.എമ്മിലെ അഡ്വ. പി.അയിഷാപോറ്റി പന്ത്രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പിള്ളയെ തോല്‍പ്പിച്ചത്. പരാജയം പിള്ളയ്ക്ക് വലിയ ആഘാതമായി. പാര്‍ലമെന്ററിരംഗത്തേക്ക് ഇതിനുശേഷം പിള്ളയ്ക്ക് കടന്നുവരാനുമായില്ല.
നിയമസഭാസാമാജികന് എന്നതിലുപരിയായി നാല്പതുവര്ഷത്തോളം പഞ്ചായത്ത് പ്രസിഡന്റ് പദവിയും അലങ്കരിച്ചു. എം.എല്‍.എ. സ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഒരുമിച്ച് വഹിച്ച അപൂര്‍വം പേരിലൊരാളാണ് പിള്ള. കൊട്ടാരക്കര, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനമാണ് അദ്ദേഹത്തെ ഈ അപൂര്‍വതയ്ക്ക് അര്‍ഹനാക്കിയത്.
2011-ല്‍ ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി വിധിയിലൂടെ പിള്ള ജയില്‍ശിക്ഷയും അനുഭവിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990-ാം നമ്പര്‍ തടവുപുള്ളിയായി ജീവിതത്തിലെ കറുത്ത ഏടുകള്‍ അദ്ദേഹം തള്ളിനീക്കി. ജയില്‍ശിക്ഷ അനുഭവിച്ചതിനെത്തുടര്‍ന്ന് പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായില്ല.
രാഷ്ട്രീയത്തിലുപരിയായി പൊതുരംഗത്തും പിള്ള ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള ഗ്രന്ഥശാലാസംഘം പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റ്, എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം, ആറുപതിറ്റാണ്ടിലധികം എന്‍.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റ്, വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വം എന്നിവ പിള്ള വഹിച്ചിട്ടുണ്ട്. യു.ഡി.എഫ.്-എല്‍.ഡി.എഫ്. സര്‍ക്കാരുകളുടെ കാലത്ത് മുന്നാക്കസമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാന്‍പദവിയും പിള്ളയെ തേടിയെത്തി.
ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ പല രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ നടത്തിയെങ്കിലും പിള്ളയുടെ വിയോഗം കേരളരാഷ്ട്രീയത്തില്‍ ഒരു യുഗത്തിന്റെ അന്ത്യംകുറിക്കലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..