കൊട്ടാരക്കര : ആർ.ബാലകൃഷ്ണപിള്ളയെ അടുത്തറിയുന്നതും അദ്ദേഹം മനസ്സുതുറന്ന് ഇഷ്ടപ്പെടുന്നതുമായ രണ്ടുപേർ കീഴൂട്ടുവീട്ടിലുണ്ട്. ഒന്ന് സഹായിയും കാര്യസ്ഥനുമായ കൃഷ്ണപിള്ള എന്ന ബാലകൃഷ്ണപിള്ള (70), മറ്റൊന്ന് ഡ്രൈവറും സഹായിയുമായ മനോജ് (40).

1967-ലാണ് വാളകം സ്വദേശിയായ കൃഷ്ണപിള്ള ആർ.ബാലകൃഷ്ണപിള്ളയ്ക്കൊപ്പം കൂടിയത്. ഡ്രൈവറായിട്ടായിരുന്നു തുടക്കം. ഇരുവരും വലിയ സൗഹൃദത്തിലായതോടെ കൊട്ടാരക്കരയിലെ വീട്ടിലെ കാര്യസ്ഥനായി കൃഷ്ണപിള്ള. പിള്ളയുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഇരുവരും ചർച്ചചെയ്താണ് തീരുമാനിച്ചിരുന്നത്. കൃഷ്ണാ എന്നാണ് പിള്ള വിളിച്ചിരുന്നത്. എന്തിനും ഏതിനും കൃഷ്ണാ എന്നൊരുവിളിയാണ്. കെ.ബി.ഗണേഷ്‌കുമാർ ഉൾപ്പെടെ എല്ലാവരും കൃഷ്ണപിള്ളയെ വിളിച്ചിരുന്നത് മാമൻ എന്നും. ഗണേഷിനു സ്നേഹംകൂടുമ്പോൾ കൃഷ്ണൻ 'കിണ്ണി'യാകും.

ഭക്ഷണകാര്യത്തിൽ കാർക്കശ്യക്കാരനല്ല പിള്ളയെന്നു കൃഷ്ണൻ പറയുന്നു. എന്തായാലും സ്വാദുള്ളതും നല്ലതും ആകണമെന്നുമാത്രം. രസവും മോരും കണ്ണിമാങ്ങയും കരിമീനുമായിരുന്നു പിള്ളയുടെ ഇഷ്ടങ്ങളെന്നു അറിയാവുന്നതും കൃഷ്ണനായിരുന്നു. പിള്ളയ്ക്കൊപ്പം എല്ലായിടവും സഞ്ചരിച്ച കൃഷ്ണന് പിള്ളയുടെ വിയോഗം സഹിക്കാൻ കഴിയുന്നതല്ല.

പിള്ളയുടെ മനംകവർന്ന രണ്ടുപേർ

18 വർഷമായി മനോജ് ബാലകൃഷ്ണപിള്ളയുടെ സാരഥിയായിട്ട്. പകരക്കാരനായി വളയംപിടിക്കാനെത്തിയ മനോജിനെ പിള്ളയ്ക്ക് ഇഷ്ടപ്പെട്ടു. അതോടെ പിള്ളയ്ക്ക് മനോജ് കൂട്ടായി. ആപത്ഘട്ടങ്ങളിലും സങ്കടങ്ങളിലുമെല്ലാം മനോജ് പിള്ളയ്ക്ക് ഒപ്പംനിന്നു. ജയിൽവാസത്തിനിടയിൽ ആശുപത്രിയിലായപ്പോൾ മൂന്നുമാസം പിള്ളയും മനോജും ഒരു മുറിയിലാണു കഴിഞ്ഞത്. രോഗം തളർത്തിയതോടെ പിള്ളയുടെ പരിചരണം മനോജ് ഏറ്റെടുത്തു. 'മനു'വെന്നായിരുന്നു അദ്ദേഹം മനോജിനെ വിളിച്ചിരുന്നത്. ഏതുസമയവും മനോജ് അടുത്തുവേണമായിരുന്നു. രണ്ടുതവണ ബോധരഹിതനായി പിള്ള കുഴഞ്ഞുവീണപ്പോൾ യഥാസമയം മനോജാണ് ആശുപത്രിയിലെത്തിച്ചത്.

ഗണേഷ്‌കുമാർ എം.എൽ.എ.യുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരുന്ന മനോജ് ജയിൽവാസകാലത്ത് പിള്ളയെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽ കഴിഞ്ഞതിനെ വി.എസ്.അച്യുതാനന്ദൻ വിമർശിച്ചിരുന്നു. തുടർന്ന് രാജിവെച്ച മനോജിന് താൻ മാനേജരായ വാളകം സ്കൂളിൽ ജോലിനൽകിയാണ് പിള്ള നിലനിർത്തിയത്.