വാക്കുകള്‍ വാള്‍ത്തലയോളം മൂര്‍ച്ചയാക്കാന്‍ കഴിവുള്ള ആര്‍. ബാലകൃഷ്ണപിള്ള ഒരിക്കല്‍ ഒരു വാക്കിന്റെ അര്‍ഥംതേടി അലഞ്ഞു. 1960-ല്‍ പത്തനാപുരം മണ്ഡലത്തില്‍ കന്നിപ്പോരാട്ടത്തിനിറങ്ങിയ പിള്ളയെ അന്നത്തെ രാഷ്ട്രീയകരുത്തന്‍ പി.ടി. പുന്നൂസാണ് ആ പേരുവിളിച്ചത്-'അനാഗതശ്മശ്രു'.

25 വയസ്സുതികയാതെ മത്സരത്തിനിറങ്ങിയ പയ്യനെ മീശകുരുക്കാത്തവനെന്ന് നേരിട്ടുവിളിക്കാതെ സംസ്്്്കൃതീകരിച്ചതാണ്. ഏതായാലും പുന്നൂസിന്റെ സംസ്‌കൃതവിശേഷണം തിരിച്ചടിച്ചു. ഫലമെത്തിയപ്പോള്‍ അനാഗതശ്മശ്രുവായിരുന്ന പിള്ള തന്റെ അധ്യാപകന്‍കൂടിയായ രാജഗോപാലന്‍ നായരെ മലര്‍ത്തിയടിച്ചു. മീശകുരുക്കാത്ത ചെക്കന്‍ കേരള നിയമസഭയിലേക്ക് കടന്നുപോകുന്നതിന് കേരളം സാക്ഷ്യംവഹിച്ചു. മീശകുരുക്കുന്നതിനുമുമ്പേയാണ് കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്കും പിള്ള കടന്നെത്തിയത്. തിരുവനന്തപുരത്ത് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തനത്തിനായി പാംലാന്‍ഡ് ലോഡ്ജില്‍ കഴിയുമ്പോഴാണ് പ്രതിപക്ഷനേതാവ് പി.ടി. ചാക്കോയും കോണ്‍ഗ്രസ് നേതാവ് സി.എം.സ്റ്റീഫനുമായി അടുക്കുന്നത്. അടിമുടി കമ്യൂണിസംനിറഞ്ഞ പിള്ള പതുക്കെ കോണ്‍ഗ്രസാകാന്‍ തുടങ്ങി. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഉപദേശംകൂടി ലഭിച്ചതോടെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. വിമോചനസമരകാലത്ത് മന്നത്തിനൊപ്പം അണിചേര്‍ന്നു. വാക്കുകളുടെ മായാജാലംകാട്ടി മന്നത്തിനെയും കോണ്‍ഗ്രസ് നേതാക്കളെയും അമ്പരപ്പിച്ച പിള്ളയുടെ കോണ്‍ഗ്രസിലെ വളര്‍ച്ച പെട്ടെന്നായിരുന്നു. ആര്‍,.ശങ്കര്‍, പി.ടി.ചാക്കോ, പനമ്പള്ളി ഗോവിന്ദമേനോന്‍, കുട്ടിമാളു അമ്മ തുടങ്ങിയവര്‍ക്കൊപ്പം 21 അംഗ കെ.പി.സി.സി. എക്‌സിക്യുട്ടീവിലേക്ക് മീശകുരുക്കാത്ത പിള്ളയും കടന്നെത്തി. അതേവര്‍ഷംതന്നെ എ.ഐ.സി.സി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ടുപേരില്‍ ഒരാളായി . ഇരുപത്തിയഞ്ചാം വയസ്സില്‍ നിയമസഭയിലേക്കും. പി.ടി. ചാക്കോയുടെ മരണവും കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും രാഷ്ട്രീയസാഹചര്യങ്ങളെ മാറ്റിമറിച്ചു. കെ.എം. ജോര്‍ജിന്റെയും പിള്ളയുടെയും നേതൃത്വത്തില്‍ 15 എം.എല്‍.എ.മാര്‍ കോണ്‍ഗ്രസ് വിടുന്നിടംവരെ അതെത്തി. അന്ന്്് പിള്ള കോണ്‍ഗ്രസില്‍നിന്നിരുന്നെങ്കില്‍ പട്ടം താണുപിള്ളയെപ്പോലെ മുഖ്യമന്ത്രിയായേനെയെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ഇന്നും പറയുന്നു.

സമ്പന്നതയുടെ നടുവില്‍നിന്ന്്് കമ്യൂണിസത്തിലേക്ക്

1934 മാര്‍ച്ച് എട്ടിന് വാളകത്ത് കീഴൂട്ട് വീട്ടില്‍ രാമന്‍പിള്ളയുടെയും കാര്‍ത്യായനി അമ്മയുടെയും മകനായി ജനിച്ച ബാലകൃഷ്ണപിള്ളയ്ക്ക് സമ്പന്നതയുടെ നടുവില്‍നിന്ന്് കമ്യൂണിസത്തിലേക്കുനടന്ന ഒരു ചരിത്രംകൂടി പറയാനുണ്ട്. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന രാമന്‍പിള്ളയുടെ തിരക്കുകള്‍ ഏറെയുള്ള ജീവിതത്തില്‍ അമ്മ കാര്‍ത്യായനിയമ്മയാണ് മകന്റെ ബാല്യം ആഹ്ലാദകരമാക്കിയത്. ഏഴ് പെണ്മക്കള്‍ക്കുശേഷം ജനിച്ച ആണ്‍തരിയായതിനാല്‍ വാത്സല്യം ഏറെ അനുഭവിച്ചതായിരുന്നു ബാല്യം. ആനക്കുട്ടികളുമായി കളിച്ചുവളര്‍ന്ന സമ്പന്നതയുടെ നടുവില്‍നിന്ന്്് ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് കമ്യൂണിസ്റ്റായിട്ടാണ്.

വാളകം എം.ടി.സ്‌കൂളില്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുമ്പോഴാണ് തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂണിയനില്‍ പിള്ള അംഗത്വമെടുക്കുന്നത്. കേരളരാഷ്ട്രീയത്തിലെ കമ്യൂണിസ്റ്റ് അതികായനായിരുന്ന പി.കെ.വി.യാണ് അംഗത്വം നല്‍കിയത്. തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂണിയനാണ് പിന്നീട് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ആയത്. 1952-ല്‍ എം.ജി.കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും എത്തിയപ്പോഴേക്കും പിള്ള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ നേതാവായി കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ സ്റ്റുഡന്റ്സ് ഫെഡറേഷനെ വളര്‍ത്തിയതില്‍ പിള്ളയുടെ വാക്ചാതുരിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. പിന്നീട് എറണാകുളം ലോ കോളേജില്‍ ചേര്‍ന്നെങ്കിലും നിയമപഠനം പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കുതന്നെ മടങ്ങി. പാംലാന്‍ഡ് ലോഡ്ജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി താമസിക്കുന്നതിനിടയിലാണ് ഇവിടെ അയല്‍വാസികളായ പ്രതിപക്ഷനേതാവ് പി.ടി.ചാക്കോയുമായും കോണ്‍ഗ്രസ് നേതാവ് സി.എം.സ്റ്റീഫനുമായും അടുത്തത്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതീക്ഷയ്്ക്കൊത്തുയരാത്തത് പിള്ളയില്‍ കമ്യൂണിസത്തോട് മനസ്സില്‍ അകല്‍ച്ചയുണ്ടാക്കിയിരുന്നു. പി.ടി.ചാക്കോയുടെയും സി.എം.സ്റ്റീഫന്റെയും സമ്പര്‍ക്കംകൂടിയായതോടെ കോണ്‍ഗ്രസിലേക്ക് കുടിയേറി.

പഞ്ചായത്ത് പ്രസിഡന്റും മന്ത്രിയും എം.പി.യും

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍നിന്നിറങ്ങി മന്ത്രിയായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് മറ്റൊരു രാഷ്ട്രീയ അപൂര്‍വതയുമുണ്ട്. ഒരേസമയം പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാനമന്ത്രിയും ലോക്്്സഭാംഗവുമായ ഇന്ത്യയിലെ ആദ്യനേതാവാണ് പിള്ള. അഞ്ചാം ലോക്്്സഭയില്‍ പ്രതിപക്ഷപാര്‍ട്ടി കക്ഷിനേതാവായി പിള്ളയെത്തുമ്പോള്‍ 35 വയസ്സുമാത്രമായിരുന്നു. ലോക്്്സഭാംഗവും സംസ്ഥാനമന്ത്രിയുമായിരിക്കേത്തന്നെ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പിള്ള. അന്ന് ലോക്്്സഭാംഗമായിരുന്ന പിലുമോഡി പ്രശ്നം സഭയില്‍ ഉന്നയിക്കുകയും സ്പീക്കര്‍ പരിശോധിക്കുകയും ചെയ്തു. പിള്ള തിരഞ്ഞെടുക്കപ്പെട്ട സഭാംഗമാണെന്നും മന്ത്രിയായി തുടരുമ്പോള്‍ത്തന്നെ സഭാനടപടികളില്‍ പങ്കെടുക്കാമെന്നുമായിരുന്നു സ്പീക്കര്‍ ധില്ലന്റെ കണ്ടെത്തല്‍.

രാഷ്ട്രീയദുരന്തമായി ഇടമലയാര്‍

1970-ലാണ് ഇടമലയാര്‍ പദ്ധതിക്ക് തുടക്കംകുറിച്ചത്. വിവിധോദ്ദേശ്യപദ്ധതിയായി വിഭാവനംചെയ്ത ഇത് എട്ടുവര്‍ഷംകൊണ്ട്്് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 1980-ല്‍ പിള്ള മന്ത്രിയാകുമ്പോഴും തുടങ്ങിയ ഇടത്തുതന്നെയായിരുന്നു പദ്ധതി. ഇന്ദിരാഗാന്ധിയുടെ താത്പര്യപ്രകാരമാണ് പിള്ള പദ്ധതി ഏറ്റെടുത്തത്. ഇടമലയാറില്‍നിന്ന്് ചാലക്കുടിക്ക് ലൈന്‍വലിച്ചത് വനത്തിലൂടെയായിരുന്നു. പ്രതിസന്ധികള്‍ മറികടന്ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ടണലിലുണ്ടായ ചോര്‍ച്ച വിവാദമായി. നിരപരാധിയെന്ന്്് കേരള ഹൈക്കോടതി വിധിച്ചെങ്കിലും ശത്രുക്കള്‍ക്ക് മതിയായില്ല. ആര്‍ബിട്രേഷന്‍ നിര്‍ത്തലാക്കിയത് ശത്രുക്കളെ സൃഷ്ടിച്ചു. മൂന്നുപതിറ്റാണ്ടുനീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഒരുവര്‍ഷം ജയില്‍ശിക്ഷയാണ് പിള്ളയ്ക്ക് കോടതി വിധിച്ചത്. പിള്ളയെന്ന രാഷ്ട്രീയ അതികായന്റെ ജീവിതത്തിലെ കറുത്ത ഏടായി ഇടമലയാര്‍.