representative image
കണ്ണൂര്‍: സില്‍വര്‍ലൈനിലെ ഓരോ സെക്ഷനിലും ആവശ്യമായ വേഗം തീവണ്ടികള്‍ സ്വയം നിയന്ത്രിക്കുമെന്ന് കെ.ആര്.ഡി.സി.എല്‍. സ്റ്റോപ്പില്‍ വണ്ടി താനേ നില്ക്കും. സ്റ്റേഷനില്‍ എത്തുമ്പോള്‍ വാതിലുകള്‍ തുറക്കും. മുഴുവന്‍ അടഞ്ഞുകഴിഞ്ഞാല്‍ മാത്രമേ വണ്ടി നീങ്ങൂ. കേരള റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെ (കെ.ആര്.ഡി.സി.എല്‍.) ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്.
സിഗ്നല്‍ നല്‍കുന്നതിനും വേഗം നിയന്ത്രിക്കുന്നതിനും യൂറോപ്യന്‍ റെയില്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഇ.ആര്.ടി.എം.എസ്.) ഭാഗമായ യൂറോപ്യന്‍ ട്രെയിന്‍ കണ്ട്രോള് സിസ്റ്റം (ഇ.ടി.സി.എസ്.) ആണ് ഉപയോഗിക്കുന്നത്.
ഡ്രൈവര്‍ക്ക് അത്ര റോളില്ല
ബട്ടണമര്‍ത്തി ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ വണ്ടിയുടെ വേഗം എന്ജിന് ഡ്രൈവര്‍ നിയന്ത്രിക്കേണ്ടതില്ല. വളവിലും കയറ്റത്തിലുമൊക്കെ സ്വയം നിയന്ത്രിച്ച് വണ്ടി മുന്നോട്ടുപോകും. ഡ്രൈവര്‍ക്ക് അശ്രദ്ധ സംഭവിച്ചാല്‍പോലും എമര്‍ജന്‍സി സ്റ്റോപ്പ് വഴി ട്രെയിനിനെ സംരക്ഷിക്കും. വണ്ടികളുടെ സ്ഥാനം, വേഗം, ആക്സിലറേഷന്, മറ്റു ട്രെയിനുകളുടെ സ്ഥാനങ്ങള്‍ എന്നിവ അറിയാനുള്ള ഓട്ടോമാറ്റിക് ട്രെയിന്‍ ഓപ്പറേഷന് ഓവര്‍ ഇ.ടി.സി.എസ്. -ലെവല്‍ രണ്ട് ഉപയോഗിക്കുന്നു.
വര്‍ണ ലൈറ്റുകള്‍ വഴിയല്ല നിയന്ത്രണം
ഹൈ സ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഒരു സെക്കന്‍ഡില്‍ 50 മുതല്‍ 100 മീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കും.
പാതയോരത്തെ വര്ണലൈറ്റ് സിഗ്നലുകള്‍ നിരന്തരം നിരീക്ഷിച്ച് 160 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തിലുള്ള ട്രെയിനുകള്‍ നിയന്ത്രിക്കാന്‍ എന്ജിന് ഡ്രൈവര്‍ക്ക് സാധിക്കില്ല.
ട്രെയിനിനകത്തുതന്നെ സിഗ്നല്‍ ലഭ്യമാകുന്ന കാബ് സിഗ്നലിങ് സിസ്റ്റം ഇവയെ നിയന്ത്രിക്കും.
ലക്ഷ്യസ്ഥാനം, വേഗം, സഞ്ചരിക്കേണ്ട ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്ജിന് ഡ്രൈവര്‍ക്ക് ഇവ നല്‍കും.
റെയില്‍വേയില്‍ ഇങ്ങനെ
ഉപയോഗിക്കുന്നത് അബ്സല്യൂട്ട് സിഗ്നലിങ് സംവിധാനം. രണ്ടു സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു തീവണ്ടി മാത്രമേ ഒരേ സമയത്ത് കടത്തിവിടാന്‍ പറ്റുകയുള്ളു. ഒരു വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ മാത്രമേ അടുത്തതിന് പുറപ്പെടാന്‍ പറ്റു. അപ്പോള്‍ പാതയുടെ ശേഷി പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയില്ല.
സില്‍വര്‍ലൈനില്‍
ഉപയോഗിക്കുന്നത് യൂറോപ്യന്‍ ട്രെയിന്‍ കണ്ട്രോള് സിസ്റ്റമാണ്. ഒരു വണ്ടി പുറപ്പെട്ട് അഞ്ച് മിനിറ്റിനുള്ളില്‍ അടുത്ത വണ്ടിക്ക് പുറപ്പെടാം. തീവണ്ടികളുടെ ഇടവേള പരമാവധി കുറയ്ക്കാന്‍ ഇതുകൊണ്ട് പറ്റും. തുടക്കത്തില്‍ ഒരുഭാഗത്തേക്ക് 20 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..