ലിംഗനീതി, പെണ്‍കുട്ടികള്‍, ചോദ്യങ്ങള്‍....  ലീഗിന്റെ പിറവി മുതല്‍ നേതാക്കള്‍ കേള്‍ക്കാത്തതും അല്ലെങ്കില്‍ കേട്ടില്ലെന്ന് നടിക്കുന്നതുമായ കാര്യങ്ങള്‍ ഒരു പറ്റം പെണ്‍കുട്ടികള്‍ മുന്നോട്ട് വെക്കുമ്പോള്‍ ലീഗിന് അതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ഹരിതയുടെ കുട്ടികളുടെ ചിന്താധാരകളെ അഭിമുഖീകരിക്കുന്നതിലെ ആശക്കുഴപ്പത്തിനൊടുവിലാണ് കമ്മിറ്റിയെ പിരിച്ചുവിടുന്നതിലെത്തിയത്. 

പാണക്കാട് കുടുംബത്തേയും പി.കെ കുഞ്ഞാലിക്കുട്ടിയേയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തില്‍നിന്ന് ഈ പുതിയകാലത്തും ലീഗിന് മാറാന്‍ കഴിയുന്നില്ല എന്നയിടത്തുനിന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഒരു വനിതയെ നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചത് വലിയ പുരോഗമന രാഷ്ട്രീയമായി കാണുന്ന ലീഗ് നേതൃത്വത്തോടാണ് ഹരിതയുടെ പെണ്‍കുട്ടികള്‍ നീതി തേടി നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. 

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി വന്നിട്ടും പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നേതൃനിരയില്‍ എത്തി എന്നതുകൊണ്ടുമാത്രമാണ് പി.കെ നവാസ് എന്ന എം.എസ്.എഫ് നേതാവിനെ സംരക്ഷിച്ച് നിര്‍ത്തി ഹരിതയിലെ പെണ്‍കുട്ടികളെ നേതൃത്വം ബലിയാടാക്കിയത്. 

സ്ത്രീവിരുദ്ധ പരാമര്‍ശത്തിനപ്പുറം ആത്മാഭിമാനം നഷ്ടപ്പെടുന്ന രീതിയിലുള്ള വെര്‍ബല്‍ റേപ്പുണ്ടായിട്ട് പോലും നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്ന സങ്കടമാണ് ഇന്ന് ആ പെണ്‍കുട്ടികള്‍ പങ്കുവച്ചത്. പക്ഷെ നീതി നിഷേധിക്കപ്പെട്ടുവെന്നതില്‍ ഉറച്ച് നേതൃത്വത്തിനെതിരേ നിലപാടില്‍നിന്ന് അണുവിടമാറാതെ പോരാട്ടത്തിനിറങ്ങുന്നു, ഹരിതയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍. ആരോപണവിധേയന്‍ കൂടുതല്‍ ശക്തിയോടെ നേതാവായി തുടരുകയും പരാതി പറഞ്ഞവര്‍ പുറത്താവുകയും ചെയ്തതോടെ ലിംഗനീതിയെന്ന് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ പോലും തയ്യാറല്ലെന്ന സൂചനയാണ് ഇപ്പോഴും ലീഗ് നേതൃത്വം നല്‍കുന്നത്. 

ഞങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്, സ്വന്തമായി ചിന്തിക്കാന്‍ കഴിയുന്നവരാണ് എന്ന് വിദ്യാര്‍ഥിനികള്‍ ഉറക്കെ പറയുന്നു. പക്ഷെ പെണ്‍ശബ്ദത്തിന് പരിധിവെക്കുമെന്നാണ് ലീഗ് നേത്വം പറയാതെ പറയുന്നത്. ശരിയെ കേള്‍ക്കുന്നതിന് പകരം കോഴിക്കോട്ട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കുന്നവര്‍, ഏതെങ്കിലും കുറച്ച് പെണ്‍കുട്ടികള്‍, പ്രസവിക്കാന്‍ താല്‍പര്യമില്ലാത്തവര്‍, എന്നൊക്കെ പറഞ്ഞ് ഈ പെണ്‍കുട്ടികളെ ആക്ഷേപിക്കുമ്പോഴും പോരാട്ടത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ തയ്യാറാകാതെ ഹരിത നില്‍ക്കുന്നു.

നേതൃത്വം കാലത്തിനൊത്ത് മാറാത്ത, ഇടുങ്ങിയ ചിന്താഗതിയെ മാറ്റിവെക്കാന്‍ തയ്യാറാത്ത, ആണ്‍കോയ്മയുടെ മുന്നണിപ്പോരാളികളാണെന്ന് വാര്‍ത്താ സമ്മേളനം നടത്തി വിളിച്ച് പറയേണ്ടത് ഞങ്ങളുടെ ഗതികേടാണെന്ന് പറയുന്നു ഹരിതയിലെ പെണ്‍കുട്ടികള്‍. നിങ്ങള്‍ പുറത്തായില്ലേ, എത്രപേര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആ സെന്‍സസ് എടുത്തുകൊണ്ടല്ല ഞങ്ങളുടെ മുന്നോട്ട് പോക്കെന്ന് പറയുന്നുണ്ട് നജ്മ തബ്ഷീറെയെ പോലുള്ളവര്‍. ഒപ്പം ഈ കാലം ഇന്നവസാനിക്കുമെന്ന് കരുതുന്നില്ലെന്ന പ്രതീക്ഷയും അവര്‍ മുന്നോട്ടുവെക്കുന്നു. 

തട്ടമിട്ട പെണ്‍കുട്ടികള്‍ ആയോധനകലയുടെ പതിനെട്ടടവും പഠിച്ച് പരിചയുമായി ഉയര്‍ന്നുപൊങ്ങി മുന്നേറുന്ന കാഴ്ചയുണ്ടായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന്. അതേ മലപ്പുറത്ത് നിന്നാണ് ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് നേതൃത്വം കൂച്ചുവിലങ്ങിട്ടത്. 

പെണ്‍ ശബ്ദമുയരുമ്പോള്‍ പുറത്താക്കലെന്ന നടപടിയുമായി ലീഗ് മുന്നോട്ട് പോവുമ്പോള്‍, എത്രകാലം പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തുമെന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ലീഗിന് ചെറുതായൊന്നും പണിയെടത്താല്‍ മതിയാവില്ല.

content highlights: questions raised by haritha and the gender equality that muslim league does not understand