കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ബെവ്‌കോ ഔട്‌ലെറ്റുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മറ്റു കടകളിലേതുപോലെ കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ഒരുക്കരുതോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നയപരമായി മാറ്റം ആവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

നേരത്തേയും ബെവ്‌കോയുടെ വില്‍പനശാലകള്‍ക്ക് മുന്നിലെ അസൗകര്യങ്ങളില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെ കാണാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതേ കേസ് പരിഗണിക്കുമ്പോഴാണ് മദ്യം വാങ്ങാനുള്ള ക്യൂ ഒഴിവാക്കണമെന്ന് കോടതി ആവശ്യപ്പെടുന്നത്. അതേസമയം അപര്യാപ്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഔട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കോടതി മുന്‍പ് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് അസൗകര്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്‌ലെറ്റുകള്‍ സംബന്ധിച്ച് എക്‌സൈസ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന 94 ഔട്‌ലെറ്റുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് എക്‌സൈസ് ചൂണ്ടിക്കാണിച്ചത്. ഇതില്‍ പത്തെണ്ണം മാറ്റി സ്ഥാപിച്ചുവെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്.

Content Highlights: que system in front of bevco outlets should be stopped says hc