പി.വി അൻവർ
കൊച്ചി: കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരേയുള്ള തെളിവുകള്‍ ഇഡിക്ക് കൈമാറി പരാതിക്കാരന്. മലപ്പുറം സ്വദേശിയായ സലിം എന്നയാളാണ് അന്‍വറിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സലിമിന്റെ പരാതി. പത്ത് ലക്ഷം രൂപ അന്‍വര്‍ കൈപ്പറ്റിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
ബാങ്ക് വഴിയാണ് തന്റെ കയ്യില്‍ നിന്നും അന്‍വര്‍ പണം കൈപ്പറ്റിയതെന്നും 2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നതെന്നും സലീം നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളായാണ് പണം വാങ്ങിയതെന്നും സലീം പറഞ്ഞിരുന്നു.
തുടര്‍ന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും പുരോഗതിയുണ്ടായില്ല. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടായി എന്നായിരുന്നു സലീമിന്റെ ആരോപണം. തുടര്‍ന്നാണ് ഇന്ന് രാവിലെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സലീം കൊച്ചി ഇ.ഡി ഓഫീസിലെത്തി കൈമാറിയത്.
അതേസമയം തനിക്ക് പാറമട ഇടപാടില്‍ ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തെത്തിയതോടെ പാറമട ഇടപാടില്‍ പങ്കില്ലെന്ന എം എല്‍ എയുടെ വാദം പൊളിയുകയും ചെയ്തിരുന്നു.
പരാതിക്കാരാനായ സലിമും അന്‍വറും ചേര്‍ന്നെഴുതിയ കരാറും വിഷയവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച പരാതിയും സലീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഐ പി സി 420-ാം വകുപ്പ് പ്രകാരമാണ് അന്‍വറിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..