തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ജില്ലയില്‍ സജ്ജമായി. 

ആറു താലൂക്കുകളിലായാണ് പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവര്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 

11217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും 6471 പേര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

ജില്ലയിലെ വിവിധ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയും താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളെയാണ് സ്വന്തം ചെലവില്‍ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്. 

അപ്രതീക്ഷിതമായി കൂടുതല്‍ പേര്‍ വന്നാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകള്‍ ഉപയോഗിക്കാനാകും. 

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രോഗപരിശോധനയ്ക്കുള്ള സൗകര്യങ്ങളടക്കമുണ്ടാകും. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റും. 

നിരീക്ഷണത്തിലുള്ളവര്‍ക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളുമുണ്ടാകും.

content highlight: quarantine settings are ready in trivandrum to welcome the expatriates from 7 may onward