തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ വേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതായും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇന്നലെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 151 പ്രവാസികളുമായി അബുദാബിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇതിലെ യാത്രക്കാരില്‍ നാല് കൈക്കുഞ്ഞുങ്ങളും പത്ത് വയസില്‍ താഴെയുള്ള പതിനഞ്ച് കുട്ടികളും നാല്‍പത്തിഞ്ച് ഗര്‍ഭിണികളുമാണ് ഉള്‍പ്പെടുന്നത്. യാത്രക്കാരില്‍ അഞ്ചു പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ 152 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും അഞ്ചു പേര്‍ കുട്ടികളുമാണ്. ഇന്ന് റിയാദില്‍ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30-ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ പത്തുപേരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. ഇവരെക്കൂടാതെ 22 കുട്ടികളും അടിയന്തര ചികിത്സയ്‌ക്കെത്തുന്ന അഞ്ചു പേരും എഴുപതിന് മുകളില്‍ പ്രായമുള്ള മൂന്നു പേരുമാണ് വിമാനത്തിലുള്ളത്. ഞായറാഴ്ച ദോഹയില്‍നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ടര വിമാനത്താവളത്തില്‍ എത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരായിരിക്കും ഇതില്‍ വരുന്നത്. എയര്‍പോര്‍ട്ടില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ക്വാറന്റൈനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോയവരും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മാത്രമേ ഈ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ശാരീരിക അകലം വളരെ പ്രധാനമാണ്. വീട്ടിലായാലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലായാലും അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വീട്ടിലെത്തുന്നവരുടെ കാര്യത്തില്‍ വീട്ടുകാരും ശ്രദ്ധിക്കണം. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്റെ ചില ദോഷ ഫലങ്ങള്‍ മുന്‍ഘട്ടത്തില്‍ നാം അനുഭവിച്ചതാണ്. 

ക്വാറന്റൈനില്‍ കഴിയുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത് എന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. കുറേ നാളുകള്‍ക്ക് ശേഷം നാട്ടില്‍ വന്നവരാണെന്ന് കരുതി സന്ദര്‍ശനം നടത്തുന്ന പതിവ് രീതികളും ഒരു കാരണവശാലും പാടില്ല. നാം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരും ദിവസങ്ങളില്‍ സംരക്ഷിച്ച് നിര്‍ത്തുക എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവേണ്ടതാണ്. 

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ സജ്ജീകരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പോലെയല്ല പ്രവാസികള്‍ക്കായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുള്ളത്. ദിവസങ്ങള്‍ എടുത്തുള്ള ഒരുക്കങ്ങളാണ് ഓരോ പ്രദേശത്തും നടന്നത്. ആരോഗ്യ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണ് താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. 

യാത്രയിലുടനീളം ഓരോ പ്രവാസിയും സ്വയം തിരഞ്ഞെടുക്കുന്ന സുരക്ഷാ കരുതലുകള്‍ തന്നെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം ഉണ്ടാവണം. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.

എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ശ്രദ്ധയില്‍പെടുന്ന മുറയ്ക്ക് പരിഹരിക്കും. ഇതില്‍ പ്രത്യേക ശ്രദ്ധ കാണിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കഴിയണം. ദുരിതങ്ങളോട് പോരാടേണ്ടത് സമര്‍പ്പണം കൊണ്ടാണ്. എന്ത് പരാതികളും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും സര്‍ക്കാരിന്റെ പ്രതിനിധികളുണ്ടാവും.

content highlight: quarantine felicities are all done in the state for the expatriates says kerala cm pinarayi vijayan