കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനം ലാൻഡിംഗിനിടെയാണ് തെന്നിമാറിയത്. കനത്ത മഴയെത്തുടർന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന. വിമാനം തെന്നിമാറിയതിനെത്തുടർന്ന് റൺവേയ്ക്ക് സമീപമുള്ള നിരവധി ലൈറ്റുകൾ തകർന്നു. ഇതേത്തുടർന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന  വിമാനത്തില്‍ അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.

Content Highlights: qatar airways, flight slipped from runway, nedumbassery airport