മലപ്പുറം: ഏറെനാളായി മണ്ഡലത്തിലും നിയമസഭയിലും കാണാനില്ലെന്ന പ്രതിപക്ഷ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. 'ഞാന്‍ തിരിച്ചെത്തി' എന്ന ഫെയ്‌സ്ബുക്ക് കുറിപ്പോടെയാണ് അന്‍വറിന്റെ പ്രതികരണം. സി.പി.എം. അണികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന ചിത്രത്തോടെയാണ് അന്‍വറിന്റെ രണ്ട് വാക്കുകളിലുള്ള കുറിപ്പ്. 

ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ പരിഹാസങ്ങളായി വരുന്ന ട്രോളുകള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും എം.എല്‍.എ. നല്‍കുന്നുണ്ട്. 

ഈ പ്രാവശ്യം പരിവാരങ്ങള്‍ ഒന്നുമില്ലേ, കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന ചോദ്യത്തോട് ബംഗാളികള്‍ക്കുള്ള വില പോലും നിനക്കൊന്നും രണ്ട് ടേമായി നിലമ്പൂരുകാര്‍ തന്നിട്ടില്ലല്ലോ എന്നാണ് അന്‍വര്‍ മറുപടി നല്‍കിയത്. ഓണം ആകുന്നതേയുള്ളു, മാവേലി നേരത്തെയാണല്ലോ എന്ന പരിഹാസത്തിന്‌ മാവേലി എന്ന് വന്നാലും ആ ഒരൊറ്റ ദിവസം മാത്രം മതി കുഞ്ഞേ മാവേലിക്ക് എന്നും അന്‍വര്‍ മറുപടി നല്‍കി. 

അന്‍വര്‍ നിയമസഭയില്‍ നിന്ന് വിട്ടുനിന്നത് പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. എം.എല്‍.യ്‌ക്കെതിരേ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേനത്തില്‍ പങ്കെടുത്തിരുന്നുമില്ല. മൂന്നാം സമ്മേളനത്തിലും അന്‍വര്‍ എത്താതിരുന്നതോടെയാണ് പ്രതിപക്ഷം വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്. 

content highlights: pv anvar facebook post