ഇടുക്കി: എഡിജിപി എം.അര്‍ അജിത് കുമാറിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് പി.വി.അൻവർ എം.എൽ.എ. അജിത് കുമാറിനെ കസേര മാറ്റിയിരുത്തി എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് പിവി അന്‍വര്‍ പറഞ്ഞു. പരസ്യമായി അജിത് കുമാറിനെ പിന്തുണയ്ക്കുക വഴി മുഖ്യമന്ത്രി അന്വേഷണം വഴിതെറ്റിതെറ്റിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞു. 

To advertise here,

ഏറ്റവും നല്ല ഉദ്യോഗസ്ഥനാണ് അജിത് കുമാറെന്നും എംഎല്‍എ പിവി അന്‍വര്‍ നല്‍കിയ പരാതി അവജ്ഞയോടെ തള്ളുന്നു എന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്. അജിത് കുമാറിനെ കസേര മാറ്റി എന്നല്ലാതെ ഇപ്പോഴും ഭരണം നടത്തുന്നത് അജിത് കുമാറാണല്ലോ. 

അജിത് കുമാര്‍ എന്റെ പൊന്നിന്‍കട്ടയാണേ അവനൊരു കുഴപ്പവുമില്ല നിങ്ങളന്വേഷിച്ചോ എന്നല്ലേ മുഖ്യമന്ത്രി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചുകൊണ്ട് മുഖ്യമന്ത്രിയും പി ശശിയും അജിത് കുമാറും ഏത് റിപ്പോര്‍ട്ടുണ്ടാക്കിക്കൊടുത്താലും കാര്യമില്ല. കേരളത്തിലെ നിയമവ്യവസ്ഥയിലും കോടതിയിലും വിശ്വാസമുണ്ട്. ഈ റിപ്പോര്‍ട്ട് കൊടുക്കുന്നതോടു കൂടി ഞാന്‍ കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഒരൊറ്റ രേഖ മതി അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍, പിവി അൻവർ വ്യക്തമാക്കി.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അജിത് കുമാറിനെയും മുഖ്യമന്ത്രിയേയും വിമർശിച്ചു. അന്വേഷണം മുഴുവന്‍ പ്രഹസനമായി മാറും എന്ന് പ്രതിപക്ഷം ആദ്യം തന്നെ പറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് അജിത് കുമാറിനോട് പ്രതിബദ്ധതയുണ്ട്. അജിത് കുമാറിന്റെ ആവശ്യത്തിനു വേണ്ടിയല്ലല്ലോ ആര്‍ എസ് എസ് നേതാക്കളെ കണ്ടത്. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു വേണ്ടിയാണ് കണ്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സമ്മര്‍ദങ്ങളുണ്ടായിട്ടും അതിനെയെല്ലാം മറികടന്ന് അദ്ദേഹത്തിനെ സംരക്ഷിക്കുന്നത്, വി.ഡി സതീശൻ പറഞ്ഞു.