കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടി അമലാ പോളിനെതിരായ നികുതി വെട്ടിപ്പ് കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച്. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അതേ സമയം രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്. 

amala paul
അമലാ പോളിനെതിരെ കേസെടുക്കാനാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പുതുച്ചേരി ഗതാഗത വകുപ്പിന് നൽകിയ കത്ത്

പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകക്ക് താമസിച്ചുവെന്ന വ്യാജരേഖകള്‍ ഉപയോഗിച്ചാണ് അമലാ പോള്‍ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ചും ശരിവെച്ചിരുന്നു. 

അമല ബെംഗളൂരുവില്‍ നിന്നാണ് കാര്‍ വാങ്ങിയത്. അവിടെ നിന്ന് താത്കാലിക രജിസ്‌ട്രേഷനെടുത്ത ശേഷം പുതുച്ചേരിയില്‍ സ്ഥിര രജിസ്‌ട്രേഷന്‍ നടത്തി. കേരളത്തിന് പുറത്താണ് എല്ലാ ഇടപാടുകളും നടത്തിയത് എന്നതിനാല്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

Content Highlights: puthucheri vehicle registration-case against Amala paule is non-existent-crime branch